കലാ മാമാങ്കം മൂന്നാം ദിനത്തിലേക്ക്; സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം
സ്വർണക്കപ്പിനായി കണ്ണൂരും തൃശൂരും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. മൂന്നാം ദിനത്തിലേക്ക് മത്സരം മുറുകുമ്പോൾ കണ്ണൂരിന് 449 പോയിൻറും തൃശൂരിനും കോഴിക്കോടിനും 448 പോയിൻറുമാണ് നേടാനായത്

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് മിമിക്രി ഉൾപ്പെടെയുള്ള ജനപ്രിയ മത്സരങ്ങൾ വേദിയിലെത്തും. സ്വർണക്കപ്പിനായി കണ്ണൂരും തൃശൂരും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. മൂന്നാം ദിനത്തിലേക്ക് മത്സരം മുറുകുമ്പോൾ കണ്ണൂരിന് 449 പോയിൻറും തൃശൂരിനും കോഴിക്കോടിനും 448 പോയിൻറുമാണ് നേടാനായത്. അതേസമയം ചെറിയ പോയിൻറ് വ്യത്യാസത്തിൽ പാലക്കാടാണ് നാലാം സ്ഥാനത്തുള്ളത്.ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 42 മത്സരഇനങ്ങൾ പൂർത്തിയായപ്പോൾ ഹയർ സെക്കണ്ടറി ജനറൽ വിഭാഗത്തിൽ 52 മത്സര ഇനങ്ങൾ പൂർത്തിയായി. ഇന്ന് ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ മിമിക്രി, മോണോ ആക്‌ട് മത്സരങ്ങളും ഹൈസ്‌കൂൾ വിഭാഗം ആൺ കുട്ടികളുടെ നാടോടി നൃത്തവും ഹൈസ്‌കൂൾ വിഭാഗത്തിൻറെ ദഫ് മുട്ട്, ചിവിട്ട് നാടകം എന്നീ മത്സരങ്ങളാണ് വേദിയിലേക്കെത്തുക.പോയിൻറ് നിലയിൽ സ്‌കൂളുകൾ തമ്മിലും കടുത്ത മത്സരമാണ് നടക്കുന്നത്. 65 പോയിൻറുകളോടെ തിരുവനന്തപുരത്തെ കാർമൽ ഹയർ സെക്കൻഡറി സ്‌കൂളാണ് മുന്നിലുള്ളത്. പത്തനംതിട്ടയിലെ എസ്‌വിജിവി ഹയർ സെക്കൻഡറി സ്‌കൂൾ, ആലത്തൂർ ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവ 60 പോയിൻറുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം ദിനമായ ഇന്ന് കൂടുതൽ മത്സരങ്ങൾ അരങ്ങേറുമ്പോൾ പോയിൻറ് നിലകൾ മാറി മറിയാനും സാധ്യതയുണ്ട്.