മുൻ എംഎൽഎ കെ പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു
കെപിസിസി മുൻ ജനറൽ സെക്രട്ടറിയാണ്
കാസർകോട്: കോൺഗ്രസ് നേതാവും ഉദുമ മുൻ എംഎൽഎയുമായിരുന്ന കെ പി കുഞ്ഞിക്കണ്ണൻ (75) അന്തരിച്ചു. വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ദീർഘകാലം കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണൻ സഞ്ചരിച്ച വാഹനം കണ്ണൂരിൽ വച്ച് അപകടത്തിൽപ്പെട്ടത്. വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം കണ്ണൂരിലെ സ്യകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടയിൽ മറ്റ് ചില അസുഖങ്ങളും അദ്ദേഹത്തിൽ കണ്ടെത്തിയിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ലീഡർ കെ. കരുണാകരൻ്റേയും കെ.മുരളീധരൻ്റേയും വിശ്വസ്തരിൽ ഒരാളായിരുന്ന അദ്ദേഹം പിന്നീട് ഡി. ഐ. സി രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ച നേതാവായിരുന്നു. ജന്മം കൊണ്ട് കണ്ണൂർ ജില്ലക്കാരനാണെങ്കിലും പ്രവർത്തന മണ്ഡലം കാസർഗോഡ് ജില്ലയായായിരുന്നു. കാസർഗോഡ് ജില്ലാ രൂപീകരണത്തിനു ശേഷം ആദ്യത്തെ ഡി.സി.സി. പ്രസിഡൻ്റായിരുന്നു. ഉദുമ നിയമസഭാ മണ്ഡലത്തിൽ നിന്നും അവസാനമായി വിജയിച്ച യു. ഡി. എഫ് നേതാവായിരുന്നു അദ്ദേഹം. കോൺഗ്രസ് നേതാക്കളും മറ്റ് രാഷ്ട്രീയ നേതാക്കളും കെ.പി. എന്ന് ചുരുക്കി വിളിക്കാറുള്ള കെ.പി. കുഞ്ഞിക്കണ്ണൻ കോൺഗ്രസിൻ്റെ വടക്കൻ കേരളത്തിലെ മുഖങ്ങളിൽ ഒന്നായിരുന്നു. ദീർഘകാലമായി കാസർഗോഡ് കണ്ണൂർ ജില്ലകളിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്ത്വമായിരുന്നു അദ്ദേഹം. കേരഫെഡ് ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.ഭാര്യ: കെ.സുശീല ( റിട്ട. പ്രഥമാധ്യാപിക കാറമേൽ എഎൽപി സ്കൂൾ), മക്കൾ: കെ പി കെ തിലകൻ (അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, പ്രതിപക്ഷ നേതാവ്), കെ പി കെ തുളസി ( അധ്യാപിക, സെയിൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ പയ്യന്നൂർ) മരുമക്കൾ: അഡ്വ വീണ എസ് നായർ ( യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി), പ്രതീഷ് (ബിസിനസ്).