പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസിനത്തിൽ വൻ ഇളവ് വരുത്തി സംസ്ഥാന സർക്കാർ

Jan 22, 2026
പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസിനത്തിൽ വൻ ഇളവ് വരുത്തി സംസ്ഥാന സർക്കാർ
k b ganeshkumar minister

പഴയ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ഫീസിൽ കേന്ദ്ര സർക്കാർ വരുത്തിയ വലിയ വർധനവ് സംസ്ഥാന സർക്കാർ പകുതിയോളം വെട്ടിക്കുറച്ചതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഉത്തരവായിട്ടുണ്ട്. കേന്ദ്ര നിയമഭേദഗതി പ്രകാരം 10, 15, 20 വർഷം പിന്നിട്ട ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഉയർന്ന നിരക്കുകളിൽ നിന്നും 50 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്.

നിരക്കുകൾ കുത്തനെ കൂട്ടിയത് സാധാരണക്കാരായ വാഹന ഉടമകളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സംസ്ഥാനത്തിന് നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.

ഈ പരിഷ്‌കാരം നടപ്പിലാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പിന്റെ സോഫ്റ്റ്വെയറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

 

ഫിറ്റ്നസ് കണ്ടീഷൻ ഉറപ്പുവരുത്തി സർക്കാർ വാഹനങ്ങളുടെ കാലാവധി 5 കൂടി വർഷം നീട്ടി നൽകും

സർക്കാർ വാഹനങ്ങളുടെ ആയുസ്സ് സംബന്ധിച്ച കേന്ദ്ര നിർദ്ദേശത്തിലും കേരളം നിർണ്ണായകമായ മാറ്റം വരുത്തി. 15 വർഷം കഴിഞ്ഞാൽ എല്ലാ സർക്കാർ വാഹനങ്ങളും പൊളിക്കണമെന്ന കേന്ദ്ര നിയമം കേരളത്തിലെ പോലീസ്ഫയർഫോഴ്‌സ്വനംആരോഗ്യ വകുപ്പുകളെ സാരമായി ബാധിക്കുമെന്ന് സർക്കാർ വിലയിരുത്തി. കിലോമീറ്റർ കുറച്ച് മാത്രം ഓടിയിട്ടുള്ള ഇത്തരം വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്യുന്നത് ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കും. ഈ സാഹചര്യത്തിൽ കൃത്യമായ പുക പരിശോധനയും ഫിറ്റ്നസ് കണ്ടീഷനും ഉറപ്പുവരുത്തിക്കൊണ്ട് സർക്കാർ വാഹനങ്ങളുടെ കാലാവധി അഞ്ച് വർഷം കൂടി നീട്ടി നൽകാൻ തീരുമാനിച്ചു. കേന്ദ്ര വാഹന പോർട്ടലിൽ ഇതിന് തടസ്സമുണ്ടാകുമെന്നതിനാൽ ഇത്തരത്തിലുള്ള വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് പ്രത്യേകമായി ലാമിനേറ്റഡ് ആർ.സി കാർഡുകൾ നൽകും. ഇൻഷുറൻസ് സംബന്ധമായ തടസ്സങ്ങൾ ഒഴിവാക്കാൻ ഈ വാഹനങ്ങളെല്ലാം കേരള സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്മെന്റിന് കീഴിലാക്കും.

 

സർക്കാർ വാഹനങ്ങൾ തിരിച്ചറിയുന്നതിനായി പ്രത്യേക രജിസ്‌ട്രേഷൻ സീരീസ്

സംസ്ഥാനത്തെ സർക്കാർ വാഹനങ്ങൾ തിരിച്ചറിയുന്നതിനായി പ്രത്യേക രജിസ്‌ട്രേഷൻ സീരീസും സർക്കാർ അവതരിപ്പിക്കുന്നു. കെ.എൽ 90 (KL 90) എന്ന നമ്പറിലായിരിക്കും ഇനി സർക്കാർ വണ്ടികൾ അറിയപ്പെടുക. ഇതിൽ സെൻട്രൽ ഗവൺമെന്റ് വാഹനങ്ങൾക്ക് 'A' എന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 'C' എന്നും പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 'D' എന്നും ഉപവിഭാഗങ്ങൾ നൽകി നമ്പറുകൾ ക്രമീകരിക്കും.

  

പൊതുഗതാഗത സൗകര്യം കുറഞ്ഞ ഉൾപ്രദേശങ്ങളിലേക്ക് 503 പുതിയ പ്രൈവറ്റ് ബസ് റൂട്ടുകൾ

സംസ്ഥാനത്ത് പൊതുഗതാഗത സൗകര്യം കുറഞ്ഞ ഉൾപ്രദേശങ്ങളിലേക്ക് 503 പുതിയ പ്രൈവറ്റ് ബസ് റൂട്ടുകൾ അനുവദിക്കാനും തീരുമാനമായി. കെ.എസ്.ആർ.ടി.സിയോ പ്രൈവറ്റ് ബസ്സുകളോ ഇതുവരെ ഓടാത്ത ഈ റൂട്ടുകളിൽ ചെറിയ ബസ്സുകൾക്ക് പെർമിറ്റ് നൽകുന്നതിലൂടെ പ്രാദേശിക കണക്ടിവിറ്റിയും യുവജനങ്ങൾക്ക് സ്വയം തൊഴിൽ അവസരവും വർധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

 

(പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനുള്ള ഫീസിൽ സംസ്ഥാന സർക്കാർ വരുത്തിയ ഇളവ് സംബന്ധിച്ച വിശദ വിവരങ്ങൾക്കായി താഴെ ചേർക്കുന്ന PDF ഫയലിന്റെ നാലാം പേജ് കാണുക)

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.