ന്യൂഡൽഹ : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജിയിലെ, പോസ്റ്റ് ബാച്ച്‌ലർ പ്രോഗ്രാമുകളിലെ 2025-ലെ പ്രവേശനത്തിനായി നടത്തുന്ന ജോയൻറ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (ജാം) 2025-ന് ഇപ്പോൾ അപേക്ഷിക്കാം. ഫെബ്രുവരി രണ്ടിന് രണ്ടു സെഷനുകളായാണ് പരീക്ഷ.
ഭിലായ്, ഭുവനേശ്വർ, ബോംബെ, ഡൽഹി, ധൻബാദ് (ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ്), ഗാന്ധിനഗർ, ഗുവാഹാട്ടി, ഹൈദരാബാദ്, ഇന്ദോർ, ജമ്മു, ജോദ്പുർ, കാൺപുർ, ഖരഗ്പുർ, മദ്രാസ്, മാണ്ഡി, പാലക്കാട്, പട്ന, റൂർഖി, റോപാർ, തിരുപ്പതി, വാരാണസി (ബനാറസ് ഹിന്ദു സർവകലാശാല) എന്നീ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജിയിലെ (ഐ.ഐ.ടി.കൾ) വിവിധ പോസ്റ്റ് ബാച്ച്‌ലർ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായാണ് ജാം നടത്തുന്നത്.
ഇവകൂടാതെ, ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്‌സി.), വിവിധ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ), വിശാഖപട്ടണം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനർജി (ഐ.ഐ.പി.ഇ.), ബെംഗളൂരു ജവാഹർലാൽ നെഹ്റു സെൻറർ ഫോർ അഡ്വാൻസ്ഡ് സയൻറിഫിക് റിസർച്ച് (ജെ.എൻ.സി.എ.എസ്.ആർ.) തുടങ്ങിയ സ്ഥാപനങ്ങളിലെയും സെൻട്രലൈസ്ഡ് കൗൺസലിങ് ഫോർ എം.എസ്‌സി./എം.എസ്‌സി. (ടെക്) അഡ്മിഷൻ (സി.സി.എം.എൻ.) പരിധിയിൽവരുന്ന വിവിധ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (എൻ.ഐ.ടി.കൾ), ഷിബ്പുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.ഇ.എസ്.ടി.), സംഗ്റൂർ സന്ത് ലോംഗോവാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജി (എസ്.എൽ.ഐ.ഇ.ടി.), പുണെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി (ഡി.ഐ.എ.ടി.) തുടങ്ങിയവയിലെ പ്രവേശനങ്ങൾക്കും ജാം സ്കോർ ഉപയോഗിക്കുന്നുണ്ട്.
എം.എസ്‌സി., എം.എസ്‌സി. (ടെക്.), എം.എസ്. (റിസർച്ച്), എം.എസ്‌സി.-എം.ടെക്. ഡ്യുവൽ ഡിഗ്രി, ജോയൻറ് എം.എസ്‌സി.- പിഎച്ച്.ഡി., എം.എസ്‌സി.-പിഎച്ച്.ഡി. ഡ്യുവൽ ഡിഗ്രി എന്നിവയാണ് പ്രോഗ്രാമുകൾ.ഒക്ടോബർ 11 വരെ jam2025.iitd.ac.in വഴി അപേക്ഷിക്കാംAM. ഒരു പേപ്പറിന്; വനിതകൾ, പട്ടിക, ഭിന്നശേഷി വിഭാഗക്കാർ എന്നിവർ 900 രൂപ പരീക്ഷാഫീസ് നൽകണം. മറ്റുള്ളവർ 1800 രൂപയും. രണ്ടു പേപ്പറിനുള്ള അപേക്ഷാഫീസ് യഥാക്രമം 1250/2500 രൂപ.