അന്തർദേശീയ നൃത്തസംഗീതോത്സവം 19 മുതൽ 24 വരെ
പത്മശ്രീ ജേതാവായ സീനിയർ ഗുരു ജയറാമ റാവു മെയ് 19ന് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും
കാലടി: ശ്രീ ശങ്കര സ്കൂൾ ഓഫ് ഡാൻസ് സംഘടിപ്പിക്കുന്ന മൂന്നാമത് അന്തർദ്ദേശീയ നൃത്ത സംഗീതോത്സവം 19 മുതൽ 24 വരെ കാലടി നാസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രൊഫ. പി.വി. പിതാംബരൻ അറിയിച്ചു. പത്മശ്രീ ജേതാവായ സീനിയർ ഗുരു ജയറാമ റാവു മെയ് 19ന് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. കെ.ടി. സലിം അദ്ധ്യക്ഷനും റോജി .എം ജോൺ മുഖ്യാതിഥിയുമാകും. ഡോ. ഗീത ഉപാദ്ധ്യായയ്ക്ക് എൻ.ആർ.ഐ അവാർഡ് സമ്മാനിക്കും. മണ്മറഞ്ഞ കലാകാരന്മാരായ വേണു കുറുമശ്ശേരി, എം.എസ് ഉണ്ണിക്കൃഷ്ണൻ, സുനിൽ ഭാസ്കർ, മഹാദേവൻ പനങ്ങാട് എന്നിവരുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള നൃത്ത പ്രതിഭാ പുരസ്കാരങ്ങൾ സമർപ്പിക്കും. ഉദ്ഘാടന ചടങ്ങിനു ശേഷം സമർപ്പണ നൃത്തം നടക്കും. കൊൽക്കട്ടയിൽ നിന്നുള്ള ജൽസ ചന്ദ്രയുടെ കഥകും, അനില ജോഷിയുടെ ഭരതനാട്യവും അരങ്ങേറും. തുടർന്നുള്ള എല്ലാ ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ 5 വരെയും, രാത്രി 7 മുതൽ 9 വരെയും ഗ്രൂപ്പിനങ്ങൾ നടക്കും. നൃത്ത പ്രവേശനത്തിന്റെ 50 വർഷം പൂർത്തിയാക്കിയ സുധാ പീതാംബരനെ അനുമോദിക്കും.