ഇന്ത്യൻ വംശജ സുനിതാ വില്യംസിന്റെ ഭൂമിലേക്കുള്ള മടക്കയാത്ര തുടങ്ങി
ഒന്‍പത് മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

വാഷിംഗ്ടൺ : യാത്രാ പേടകത്തിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം ഒൻപതു മാസം ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ ഇന്ത്യൻ വംശജ സുനിതാ വില്യംസിന്റെ ഭൂമിലേക്കുള്ള മടക്കയാത്ര തുടങ്ങി.സുനിതയെയും സഹയാത്രികൻ ബുച്ച് വിൽമോറിനെയും വഹിച്ചുള്ള സ്പെയ്സ് എക്സിന്റെ ക്രൂ ഡ്രാഗൺ പേടകം ഇന്ന് രാവിലെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ നിന്ന് ഭൂമിയിലേക്ക് പുറപ്പെട്ടു. ബഹിരാകാശനിലയത്തില്‍ നിന്ന് ഡ്രാഗൺ പേടകം വേർപെട്ടു.
സാഹചര്യങ്ങളെല്ലാം അനുകൂലമായാൽ പേടകം ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 3.27ന് ഫ്ലോറിഡയിൽ കടലിൽ ഇറങ്ങും. ഫ്ളോറിഡയിൽ അപ്പോൾ സമയം ചൊവ്വാഴ്ച വൈകുന്നേരം 5.57 ആയിരിക്കും. പേടക കവചത്തിന്റെ താപനില കുറയുന്നതോടെ സ്പേസ് എക്സിന്റെ എം.വി. മേഗൻ എന്ന റിക്കവറി കപ്പലിലേക്ക് മാറ്റും. കാലാവസ്ഥ അടക്കമുള്ള ഘടകങ്ങൾ നിർണായകമായതിനാൽ യാത്രാ ഷെഡ്യൂളിൽ മാറ്റം വരുത്താനും സാദ്ധ്യതയുണ്ട്.
2024 ജൂൺ 5ന് ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിലാണ് സുനിതയും വിൽമോറും നിലയത്തിലേക്ക് തിരിച്ചത്. മനുഷ്യരെയും വഹിച്ചുള്ള സ്റ്റാർലൈനറിന്റെ കന്നി ദൗത്യമായിരുന്നു. ജൂൺ 13ന് ഭൂമിയിൽ തിരിച്ചെത്താനായിരുന്നു പദ്ധതി. പേടകത്തിൽ ഹീലിയം ചോർച്ച സംഭവിച്ചതോടെ യാത്ര പ്രതിസന്ധിയിലായി.ഭൂമിയിൽ മടങ്ങിയെത്തിയ ശേഷവും സുനിതയ്‌ക്കും വിൽമോറിനും മുന്നിൽ വെല്ലുവിളികൾ ഏറെയാണ്. ബഹിരാകാശത്തെ മൈക്രോഗ്രാവിറ്റിയിൽ ദീർഘനാൾ കഴിഞ്ഞതിനാൽ ഇരുവർക്കും സാധാരണ നിലയിലേക്ക് മടങ്ങിയെത്താൻ ആഴ്ചകൾ വേണ്ടിവരും. ആരോഗ്യപ്രശ്‌നങ്ങളിൽ നിന്ന് പൂർണമായി സുഖം പ്രാപിക്കാൻ വിപുലമായ മെഡിക്കൽ പരിശോധനകൾക്കും പരിശീലനങ്ങൾക്കും ഇവരെ വിധേയരാക്കും.