കർണാടകയിൽ മലയാളി മണ്ണിടിച്ചിലിൽ കുടുങ്ങിയ സംഭവം; അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയുടെ നിർദേശം
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി സംഭവസ്ഥലത്തെ ജില്ല കലക്ടറുമായും പൊലീസ് സൂപ്രണ്ടുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്
തിരുവനന്തപുരം: കർണാടകയിൽ മലയാളി മണ്ണിടിച്ചിലിൽ കുടുങ്ങിയ സംഭവത്തിൽ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി സംഭവസ്ഥലത്തെ ജില്ല കലക്ടറുമായും പൊലീസ് സൂപ്രണ്ടുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്.കർണാടകയിലെ ഷിരൂരിൽ അങ്കോല ദേശീയപാതയിലാണ് കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ മണ്ണിടിച്ചിൽ കുടുങ്ങിക്കിടക്കുന്നത്. അർജുനെ കുറിച്ച് നാല് ദിവസമായി വീട്ടുകാർക്ക് വിവരം ലഭിച്ചിരുന്നില്ല. ലോറിയുടെ ജി.പി.എസ് ലൊക്കേഷൻ അവസാനം കാണിച്ചത് മണ്ണിടിച്ചിലുണ്ടായ ഭാഗത്താണ്. ലോറി ഡ്രൈവർമാർ വിശ്രമിക്കാറുള്ള സ്ഥലത്താണ് വൻതോതിൽ മണ്ണിടിഞ്ഞത്. 12 പേർ മരിച്ചതായാണ് വിവരം.മുംബൈയിലേക്ക് ചരക്കുമായി പോകുകയായിരുന്നു ഡ്രൈവറായ അർജുൻ. ഇതിനിടെയാണ് അങ്കോലയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ പെട്ടത്. ബന്ധുക്കൾ രക്ഷാപ്രവർത്തകരുമായി ബന്ധപ്പെട്ടെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. അപകടശേഷം വിളിച്ചപ്പോൾ അർജുന്‍റെ ഫോൺ ഒരു തവണ റിങ് ചെയ്തിരുന്നതായി കുടുംബം പറയുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആകുകയായിരുന്നു