എൻജിനിയറിങ്/ സയൻസ് വിദ്യാർഥികൾക്ക് ഐസിഫോസിൽ ബ്രിഡ്ജ് കോഴ്‌സ്
സ്കൂളിൽനിന്ന് കോളേജിലേക്ക് മാറുന്ന സമയം അക്കാദമിക മികവിനായി പ്രയോജനപ്പെടുത്താനും ഈ കോഴ്‌സ് സഹായിക്കും
തിരുവനന്തപുരം : ഈ വർഷം എൻജിനിയറിങ്/ സയൻസ് സ്ട്രീമുകളിൽ ബിരുദപ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് കംപ്യൂട്ടർ പ്രോഗ്രാമിങ്ങിലും ഫ്രീ സോഫ്റ്റ്‌വേർ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗത്തിലും പ്രാവീണ്യം ഉണ്ടാക്കുന്നതിനായി ഐസിഫോസ് (ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വേർ-ഗ്രീൻഫീൽഡ് സ്റ്റേഡിയം, കാര്യവട്ടം, തിരുവനന്തപുരം) ജൂൺ 20 മുതൽ 29 വരെ രണ്ട് ബാച്ചുകളിലായി ബ്രിഡ്ജ് കോഴ്‌സ് സംഘടിപ്പിക്കുന്നു.ആദ്യബാച്ച് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും രണ്ടാമത്തെ ബാച്ച് ഉച്ചയ്ക്ക് രണ്ടു മുതൽ വൈകുന്നേരം അഞ്ചുവരെയും ആയിരിക്കും. പൈത്തൺ പ്രോഗ്രാമിങ്ങിലും കംപ്യൂട്ടർ സയൻസ് മേഖലയിലെ അറിവും ശേഷിയും വർധിപ്പിക്കുകയുമാണ് കോഴ്‌സ് ലക്ഷ്യംവെക്കുന്നത്. കോളേജിൽ പ്രവേശനം നേടുന്നതിനുമുമ്പ് ഇത്തരമൊരു അനുഭവം വിദ്യാർഥികൾക്ക് ഗുണകരമായിരിക്കും.സ്കൂളിൽനിന്ന് കോളേജിലേക്ക് മാറുന്ന സമയം അക്കാദമിക മികവിനായി പ്രയോജനപ്പെടുത്താനും ഈ കോഴ്‌സ് സഹായിക്കും. ഈ മേഖലയിലെ വിദഗ്ധരുമായി നിരന്തരം സംവദിക്കാനും അവസരം ലഭിക്കും. 2000 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. icfoss.in/event-details/189 വഴി രജിസ്റ്റർ ചെയ്യാം. അവസാന തീയതി: ജൂൺ 17. വിവരങ്ങൾക്ക്: 7356610110, 9400225962.