2025-ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ തീയതിയും വേദിയും പ്രഖ്യാപിച്ച് ഐസിസി
2025 ജൂണ്‍ 11-ന് ക്രിക്കറ്റിന്റെ മക്കയെന്ന് അറിയപ്പെടുന്ന ലോര്‍ഡ്‌സ് ക്രിക്കറ്റ് മൈതാനത്താണ് ഫൈനല്‍
ദുബായ്: 2025-ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ തീയതിയും വേദിയും പ്രഖ്യാപിച്ച് ഐസിസി. 2025 ജൂണ്‍ 11-ന് ക്രിക്കറ്റിന്റെ മക്കയെന്ന് അറിയപ്പെടുന്ന ലോര്‍ഡ്‌സ് ക്രിക്കറ്റ് മൈതാനത്താണ് ഫൈനല്‍. ഇതാദ്യമായാണ് ലോര്‍ഡ്‌സ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേദിയാകുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് ടേബിളില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണ് ഫൈനലില്‍ ഏറ്റുമുട്ടുക.ജൂണ്‍ 11 മുതല്‍ 15 വരെയാണ് ഫൈനല്‍ മത്സരം നടക്കുക. ആവശ്യമെങ്കില്‍ ജൂണ്‍ 16 റിസര്‍വ് ദിനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.നേരത്തേ 2021-ലെ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലോര്‍ഡ്‌സില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് സമയമായിരുന്നതിനാല്‍ ബയോ ബബിള്‍ അന്തരീക്ഷം നിര്‍ബന്ധമായിരുന്നതിനാല്‍ ഫൈനല്‍ മത്സരം പിന്നീട് സതാംപ്ടണിലേക്ക് മാറ്റുകയായിരുന്നു.ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ പതിപ്പില്‍ ഇന്ത്യയെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ച് ന്യൂസീലന്‍ഡ് ജേതാക്കളായിരുന്നു. രണ്ടാം പതിപ്പിലും ഇന്ത്യ ഫൈനലിലെത്തിയെങ്കിലും കലാശപ്പോരില്‍ ഓസ്‌ട്രേലിയയോട് 209 റണ്‍സിന് തോറ്റു.