മലയോര പട്ടയം: ജനകീയ കൺവെൻഷൻ നാലിന് പുഞ്ചവയലിൽ

Hilly Pattayam: People's convention on 4th at Punchawayal

Aug 2, 2024
മലയോര പട്ടയം: ജനകീയ കൺവെൻഷൻ നാലിന് പുഞ്ചവയലിൽ
SEBATIAN KULATHUMKAL MLA

മുണ്ടക്കയം :എരുമേലി വടക്ക്,  എരുമേലി തെക്ക്,  കോരുത്തോട് എന്നീ വില്ലേജുകളിൽ പെട്ട പുഞ്ചവയൽ, പുലിക്കുന്ന്, കപ്പിലാംമൂട്, മുരിക്കുംവയൽ, പാക്കാനം, കുഴിമാവ്, കോസടി, മാങ്ങാപേട്ട,  കൊട്ടാരം കട, നൂറ്റിപ്പതിനാറ് , ഇരുമ്പൂന്നിക്കര, തുമരം പാറ, എലിവാലിക്കര തുടങ്ങിയ പ്രദേശങ്ങളിലെ പതിനായിരത്തോളം വരുന്ന ചെറുകിട,നാമ മാത്ര കൃഷിക്കാർക്ക്  കാലങ്ങളായി അവരുടെ  കൈവശ ഭൂമിക്ക് പട്ടയം ലഭിച്ചിരുന്നില്ല.   പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരും മലയോര മേഖലകളിൽ താമസിക്കുന്നവരുമായ ആളുകൾക്ക് പട്ടയം ലഭിക്കുന്നതിനുവേണ്ടി നിരന്തരമായ സമരങ്ങളും നടന്നുവന്നിരുന്നു. വനം വകുപ്പിന്റെ തടസ വാദങ്ങളും മറ്റ് നിയമ കുരുക്കുകളുമായിരുന്നു പട്ടയം നൽകുന്നതിന് തടസ്സമായിരുന്നത്.  ഇപ്പോഴത്തെ സംസ്ഥാന സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വിഷയം നിയമസഭയിൽ ഉന്നയിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും,  റവന്യൂ വകുപ്പ് മന്ത്രി കെ.  രാജനും ഇടപെട്ട് നിയമ പ്രശ്നങ്ങൾ പരിഹരിച്ച് പട്ടയം നൽകുന്നതിന് സജ്ജമായിരിക്കുകയാണ്  
  ഇതിനായി ഒരു സ്പെഷ്യൽ തഹസിൽദാർ ഓഫീസും പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. തഹസിൽദാർ ഉൾപ്പെടെ 17 പുതിയ തസ്തികളോടെയാണ് പട്ടയ നടപടികൾ പൂർത്തീകരിക്കുന്നതിന് സ്പെഷ്യൽ തഹസിൽദാർ   ഓഫീസ് അനുവദിച്ചിരിക്കുന്നത്.

ഈ ഓഫീസ് പാർലമെന്റ് തെരഞ്ഞെടുപ്പിന് മുൻപ്  എരുമേലി വടക്ക് വില്ലേജ് ഓഫീസിൽ പ്രവർത്തനമാരംഭിച്ചുവെങ്കിലും അവിടെ സ്ഥല സൗകര്യം പരിമിതമായതിനാൽ ഇപ്പോൾ സ്പെഷ്യൽ തഹസിൽദാർ ഓഫീസ് കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

 പട്ടയ അപേക്ഷകർക്ക് വിവിധ ആവശ്യങ്ങൾക്ക് കാഞ്ഞിരപ്പള്ളിയിലേക്ക് പോകുന്നത് അധിക ബുദ്ധിമുട്ട് ആയതിനാൽ ഈ ഓഫീസ്  മുണ്ടക്കയം പുത്തൻ ചന്തയിൽ നിലവിൽ റവന്യൂ വകുപ്പിന്റെ കൈവശത്തിലുള്ള കെട്ടിടത്തിലേക്ക്  മാറ്റി സ്ഥാപിക്കുന്നതിന് നിശ്ചയിച്ചിരിക്കുകയാണ് . പട്ടയം നൽകുന്നതിനു മുന്നോടിയായി  വസ്തുക്കളുടെ ഡിജിറ്റൽ സർവ്വേ നടപടികളും ,  സ്കെച്ച് ,പ്ലാൻ എന്നിവ തയ്യാറാക്കുന്ന പ്രവർത്തികളും ആരംഭിക്കുകയാണ്. ഇത്തരം അനുബന്ധ സർവ്വേ നടപടികളുടെ സുഗമമായ പൂർത്തീകരണത്തിന് പൊതുജനങ്ങളുടെ സഹകരണവും, പങ്കാളിത്തവും   ഉറപ്പാക്കുന്നതിന്  പട്ടയം ലഭിക്കാനുള്ള പ്രദേശങ്ങളിലെ ആളുകളെ ഉൾപ്പെടുത്തി ഒരു ജനകീയ കൺവെൻഷൻ ഓഗസ്റ്റ് നാലാം തീയതി ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക്  പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻസ്  പള്ളിയുടെ പാരിഷ് ഹാളിൽ ചേരും.കൺവെൻഷൻ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. 
 പ്രസ്തുത കൺവെൻഷനിൽ പട്ടയ നടപടികളിൽ അപേക്ഷകരുടെ  ഭാഗഭാഗിത്വം സംബന്ധിച്ചും, നടത്തേണ്ട ഇടപെടലുകൾ സംബന്ധിച്ചും വിശദീകരിക്കുന്നതും പട്ടയ നടപടികൾ ഊർജ്ജിതമായും,കാര്യക്ഷമമായും,  സമയബന്ധിതമായും നടത്തുന്നതിന് ഉദ്യോഗസ്ഥ സംവിധാനത്തെ സഹായിക്കുന്നതിനും നടപടിക്രമങ്ങളും, പ്രായോഗിക പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനും, ജനപ്രതിനിധികൾ ഉൾപ്പെടെ ഒരു ജനകീയ കമ്മിറ്റി രൂപീകരിക്കുന്നതുമാണ്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.