'കോടതിയോട് ബഹുമാനമില്ല, കേസുകൾ മനപ്പൂർവ്വം വൈകിപ്പിക്കുന്നു';സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
എറണാകുളം- മൂവാറ്റുപുഴ റോഡ് ദേശസാത്കരണം സംബന്ധിച്ച ഹർജിയിലാണ് ജസ്റ്റിസ് ദിനേശ്കുമാർ സിങ് സംസ്ഥാന സർക്കാരിനെതിരെ രംഗത്തുവന്നത്.
കൊച്ചി: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സർക്കാരിന് കോടതിയോട് ബഹുമാനമില്ലെന്നും കേസുകൾ സർക്കാർ മനപ്പൂർവ്വം വൈകിപ്പിക്കുന്നതായും കോടതി പറഞ്ഞു. എറണാകുളം- മൂവാറ്റുപുഴ റോഡ് ദേശസാത്കരണം സംബന്ധിച്ച ഹർജിയിലാണ് ജസ്റ്റിസ് ദിനേശ്കുമാർ സിങ് സംസ്ഥാന സർക്കാരിനെതിരെ രംഗത്തുവന്നത്.2018-ലെ കേസാണിത്. കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ സമയം പലതവണ നീട്ടി ചോദിച്ചു. ബുധനാഴ്ച ഈ കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയിൽ വന്നപ്പോഴും സർക്കാർ അഭിഭാഷകൻ സമയം നീട്ടിചോദിച്ചു. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്.ഓരോ തവണ കേസുകൾ പരിഗണനയ്ക്ക് എടുക്കുമ്പോളും സർക്കാരിന്റെ കുഴപ്പംകൊണ്ട് വീണ്ടും സമയം നീട്ടിനൽകേണ്ടി വരുന്നതായും നീതി നടപ്പാക്കുന്നതിന് ഇത് തടസ്സമാകുന്നുവെന്നും ജസ്റ്റിസ് ദിനേശ്കുമാർ സിങ് വിമർശിച്ചു. സർക്കാരിനെതിരെ പതിവില്ലാത്ത വിമർശനമാണ് കോടതിയിൽനിന്ന് ഉണ്ടായത്.ഹൈക്കോടതിയുടെ വാക്കാലുള്ള വിമർശങ്ങൾ ഇത്തരത്തിൽ വരാറുണ്ട്. എന്നാൽ ഇപ്പോഴത്തെ വിമർശനം രേഖാമൂലം ഒരു ഉത്തരവിന്റെ രൂപത്തിൽ ആണെന്നതാണ് സർക്കാരിനെ സംബന്ധിച്ച് വലിയ തിരിച്ചടി. ജൂലൈ നാലിലേക്കാണ് കേസ് മാറ്റിയിരിക്കുന്നത്. അന്ന് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കിൽ 50000 രൂപ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പും കോടതി ഉത്തരവിൽ നൽകുന്നുണ്ട്.