ശ്രീപദ്മനാഭസ്വാമി ക്ഷേത്രം: തിരക്ക് കുറയ്ക്കാൻ ദർശനസമയം നീട്ടുന്നതും നാട്ടുകാർക്കായി പ്രത്യേകസംവിധാനവും പരിഗണനയിൽ
തന്ത്രിയുടെ അഭിപ്രായംകൂടി ആരാഞ്ഞശേഷം അന്തിമ തീരുമാനമുണ്ടാകും. വൈകീട്ട് അഞ്ചിനാണ് നിലവിൽ ദർശനം തുടങ്ങുന്നത്. ഇത് 3.30 അല്ലെങ്കിൽ നാലിന് തുടങ്ങാനാണ് ആലോചിക്കുന്നത്

തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ തിരക്ക് കുറയ്ക്കാൻ ദർശനസമയം നീട്ടുന്ന കാര്യം പരിഗണനയിൽ. ക്ഷേത്ര ഭരണസമിതി കഴിഞ്ഞ രണ്ട് യോഗങ്ങളിൽ ഇക്കാര്യം ചർച്ച ചെയ്തു. തന്ത്രിയുടെ അഭിപ്രായംകൂടി ആരാഞ്ഞശേഷം അന്തിമ തീരുമാനമുണ്ടാകും. വൈകീട്ട് അഞ്ചിനാണ് നിലവിൽ ദർശനം തുടങ്ങുന്നത്. ഇത് 3.30 അല്ലെങ്കിൽ നാലിന് തുടങ്ങാനാണ് ആലോചിക്കുന്നത്. മനുഷ്യാവകാശ കമ്മിഷന് നൽകിയ റിപ്പോർട്ടിലാണ് ക്ഷേത്രഭരണസമിതി ദർശനസമയം വർദ്ധിപ്പിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.നാട്ടുകാർക്ക് പ്രത്യേക ക്യൂ വേണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ കവടിയാർ ഹരികുമാർ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിരുന്നു. തദ്ദേശീയർക്കായി ഗുരുവായൂരിലും തമിഴ്‌നാട്ടിലെ വലിയ ക്ഷേത്രങ്ങളിലുമുള്ള മാതൃകയിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നായിരുന്നു ആവശ്യം. ഇതു സംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷൻ ക്ഷേത്രഭരണ സമിതിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരത്തെ താമസക്കാർക്ക് മാത്രമായി പ്രത്യേക സംവിധാനം നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്നാണ് ക്ഷേത്രഭരണ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്. പകരം ക്ഷേത്രത്തിലെ ദർശനസമയം നീട്ടുമ്പോൾ സമീപത്ത് താമസിക്കുന്ന ഭക്തർക്ക് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത് പരിശോധിക്കുമെന്നും പറയുന്നു. 500 രൂപയുടെ സേവാപാസ്, ക്ഷേത്ര ജീവനക്കാർക്കും വിഐപിമാർക്കുമുള്ള പാസുകൾ എന്നിവയും 10,000 രൂപ വരുന്ന ഒരു വർഷത്തെ അർച്ചന ടിക്കറ്റുമുള്ളവർക്കാണ് നിലവിൽ ഒറ്റക്കൽ മണ്ഡപത്തിന്റെ മുൻനിരയിൽ ദർശനത്തിന് അവസരമുള്ളത്. ഏറെനേരം ക്യു നിന്ന് വരുന്ന തദ്ദേശവാസികളടക്കമുള്ളവരെ പിന്നിൽ കമ്പികെട്ടി തിരിച്ചാണ് നിർത്തുന്നത്. ഇവരിൽ ഭൂരിഭാഗത്തിനും സുഗമമായ ദർശനം ലഭിക്കാറില്ല.
സ്ഥിരം ദർശനത്തിനെത്തിയിരുന്ന തലസ്ഥാനത്തുള്ള ഭക്തരെയാണ് ഈ പരിഷ്‌കരണം വേദനിപ്പിക്കുന്നത്. എന്നാൽ, ക്ഷേത്രം നടത്തിപ്പിനുള്ള വരുമാനത്തിനാണ് പ്രത്യേക ദർശനങ്ങൾ ഏർപ്പെടുത്തുന്നതെന്നാണ് അധികൃതരുടെ വാദം. ഇത്തരം സംവിധാനമുള്ള തമിഴ്‌നാട്ടിലെ വലിയ ക്ഷേത്രങ്ങളിലെല്ലാം സാധാരണ ക്യുവിൽ നിൽക്കുന്നവർക്കായി തട്ടുകൾ നിർമിച്ച് ഉയർത്തി തടസ്സമില്ലാത്ത ദർശനത്തിനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. അല്ലെങ്കിൽ രണ്ട് ക്യുവിലും ദർശനത്തിന് തൊട്ടുമുൻപ് ഒരുമിച്ചാക്കുകയും ചെയ്യാറുണ്ട്. ഇതു രണ്ടും ഇവിടെയും നടപ്പാക്കാവുന്നതാണ്.