ന്യൂനപക്ഷ കമ്മിഷന് ഇനി വാട്സ്ആപ്പിലൂടെയും പരാതി നൽകാം
പരാതികൾ 9746515133 നമ്പറിൽ അയയ്ക്കാവുന്നതാണ്.

കോഴിക്കോട് : സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ഇനി വാട്സ്ആപ്പിലൂടെയും പരാതി സ്വീകരിക്കും. നിലവിൽ നേരിട്ടും ഇ-മെയിൽ, തപാൽ മുഖേനയും പരാതികൾ സ്വീകരിക്കുന്നുണ്ട്. ഇതിന് പുറമെയാണ് വാട്‌സ് ആപ്പിലൂടെ പരാതി സ്വീകരിക്കുന്നത്. പരാതികൾ 9746515133 നമ്പറിൽ അയയ്ക്കാവുന്നതാണ്.സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ വ്യാഴാഴ്ച്ച കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ കോഴിക്കോട് ജില്ലാതല സീറ്റിംഗിൽ ഏഴ് പരാതികൾ പരിഗണിച്ചു. രണ്ട് പരാതികൾ തീർപ്പാക്കി. ന്യൂനപക്ഷ കമ്മിഷൻ അംഗം പി റോസയുടെ അധ്യക്ഷതയിലാണ് സിറ്റിംഗ് നടന്നത്.
കടലുണ്ടി സ്വദേശിനിയുടെ മകൾക്ക് നഴ്സിംഗ് പ്രവേശനത്തിനായി സ്വകാര്യ സ്ഥാപനത്തിലെ കോർഡിനേറ്റർക്ക് തുക നൽകുകയും വീടിനടുത്ത് മറ്റൊരു സ്ഥാപനത്തിൽ പ്രവേശനം ലഭിച്ചപ്പോൾ തുക തിരിച്ചു ചോദിക്കുകയും തുക നൽകാൻ തയ്യാറാവാതിരുന്നപ്പോൾ അവർ കമ്മിഷനെ സമീപിച്ചു. ബന്ധപ്പെട്ട പരാതിയിൽ കമ്മിഷൻ ഇടപെട്ട് പരാതി തീർപ്പാക്കുകയും ചെയ്തു. വടകര മുനിസിപ്പാലിറ്റി മദ്രസ അനുബന്ധ ഓഫീസിന് നികുതിയിളവ് നൽകുന്നില്ലെന്ന വടകര സ്വദേശിയുടെ പരാതി കമ്മിഷൻ ഇടപെടുകയും പരാതി തീർപ്പാക്കുകയും ചെയ്തു.