പ്രീപ്രൈമറി സ്കൂളുകളിലെ അധ്യാപകരുടെ ഓണറേറിയം 27,500 രൂപയും ആയമാരുടെത് 22,500 രൂപയുമാക്കി വർധിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്
കുട്ടികളുടെ വിദ്യാഭ്യാസത്തിന് അടിത്തറയിടുന്നതു പ്രീ പ്രൈമറി വിദ്യാഭ്യാസമാണെന്നും ,ദൈനംദിന ചെലവുകളിലുണ്ടായ വർധന കണക്കാക്കിയാൽ തുക വർധിപ്പിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു

കൊച്ചി: സർക്കാർ സ്കൂളുകളിൽ പി.ടി.എ നടത്തുന്ന പ്രീപ്രൈമറി സ്കൂളുകളിലെ അധ്യാപകരുടെ ഓണറേറിയം 27,500 രൂപയും ആയമാരുടെത് 22,500 രൂപയുമാക്കി വർധിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.വർധന മാർച്ചിൽ തന്നെ നടപ്പാക്കി ഏപ്രിൽ മുതൽ വിതരണം ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ 12,500, 7500 എന്നിങ്ങനെയാണ് ഓണറേറിയം. ഓൾ കേരള പ്രീപ്രൈമറി സ്റ്റാഫ് അസോസിയേഷനും അധ്യാപകരും ഫയൽ ചെയ്ത ഒരു കൂട്ടം ഹർജികളിൽ ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെതാണ് ഉത്തരവ്.
ദൈനംദിന ചെലവുകളിലുണ്ടായ വർധന കണക്കാക്കിയാൽ തുക വർധിപ്പിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിന് അടിത്തറയിടുന്നതു പ്രീ പ്രൈമറി വിദ്യാഭ്യാസമാണെന്നും കോടതി പറഞ്ഞു. തുടർന്നാണ് ഓണറേറിയം വർദ്ധിപ്പിക്കാൻ ഉത്തരവിട്ടത്.2012 ഓഗസ്റ്റ് ഒന്നിലെ ഹൈക്കോടതി നിർദേശം അനുസരിച്ച് സർക്കാർ എത്രയും വേഗം സേവന വ്യവസ്ഥകൾ രൂപീകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. മുൻ ഉത്തരവുണ്ടായ 2012 ഓഗസ്റ്റ് 1 മുതൽ പുതിയ നിരക്കിൽ കുടിശിക കണക്കാക്കി ആറ് മാസത്തിനുള്ളിൽ നൽകണമെന്നും നിർദേശിച്ചു. സേവന വ്യവസ്ഥകൾക്കു രൂപം നൽകണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ മുൻഉത്തരവു സർക്കാർ നടപ്പാക്കിയിരുന്നില്ല. അതിനാൽ സേവന വ്യവസ്ഥ നടപ്പാക്കണമെന്നും വേതനം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണു ഹർജിക്കാർ കോടതിയെ സമീപിച്ചത്.