ശബരിമലയിൽ പ്രതിഷേധങ്ങളും സമരങ്ങളും വിലക്കി ഹൈക്കോടതി
ശബരിമല തീർത്ഥാടന കേന്ദ്രമാണെന്നും സമരങ്ങൾ ഭക്തരുടെ ആരാധനാവകാശത്തെ ബാധിക്കുമെന്നും ഹൈക്കോടതി
ശബരിമല : ശബരിമലയിൽ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിലക്കേർപ്പെടുത്തി ഹൈക്കോടതി. ശബരിമല, പമ്പ ,സന്നിധാനം എന്നിവിടങ്ങളിലെ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഡോളി തൊഴിലാളി സമരം പോലെയുള്ളത് ആവർത്തിക്കരുതെന്ന് ഹൈക്കോടതി നിർദേശം. ശബരിമല തീർത്ഥാടന കേന്ദ്രമാണെന്നും സമരങ്ങൾ ഭക്തരുടെ ആരാധനാവകാശത്തെ ബാധിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.
ഡോളി സമരത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. അയ്യപ്പ ഭക്തരെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഡോളി ചാർജ് സംബന്ധിച്ച് നേരത്തെ തന്നെ കോടതി ഉത്തരവുണ്ടെന്ന് ദേവസ്വം ബഞ്ച് പറഞ്ഞു. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ സീസൺ തുടങ്ങുന്നതിനു മുമ്പ് ദേവസ്വം ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തണമായിരുന്നു. ഇത്തരം സമ്മർദ്ദ തന്ത്രങ്ങൾ ശബരിമലയിൽ അനുവദിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിന് നിർദേശം നൽകി.