കൂടുതൽ കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കും: മന്ത്രി കെ.ബി ഗണേഷ്കുമാർ

ആദ്യ ഘട്ടത്തിൽ 11 സ്ഥലങ്ങളിൽ ഡ്രൈവിംഗ് സ്‌കൂളുകൾ ആരംഭിക്കുന്നതിനുള്ള നടപടി കെഎസ്ആർടിസി സ്വീകരിച്ചതായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്കുമാർ പറഞ്ഞു.

Sep 25, 2024
കൂടുതൽ കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കും: മന്ത്രി കെ.ബി ഗണേഷ്കുമാർ
more-ksrtc-driving-schools-to-start

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാപകമായി ആദ്യ ഘട്ടത്തിൽ 11 സ്ഥലങ്ങളിൽ ഡ്രൈവിംഗ് സ്‌കൂളുകൾ ആരംഭിക്കുന്നതിനുള്ള നടപടി കെഎസ്ആർടിസി സ്വീകരിച്ചതായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്കുമാർ പറഞ്ഞു. കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂളിൽ പരിശീലനം പൂർത്തിയാക്കി ലൈസൻസ് കരസ്ഥമാക്കിയ ആദ്യ ബാച്ചിന്റെ ലൈസൻസ് വിതരണവും കെ.എസ്.ആർ.ടി.സി യൂണിറ്റുകളിൽ ആരംഭിക്കുന്ന മെഡിക്കൽ കെയർ സംവിധാനത്തിന്റെ ഉദ്ഘാടനവും തിരുവനന്തപുരം ആനയറയിൽ നടന്ന ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

          തിരുവനന്തപുരം സ്റ്റാഫ് ട്രയിനിംഗ് കേന്ദ്രത്തിൽ പരിശീലനം ലഭിച്ച ആദ്യ ബാച്ചിലെ 37 പേരിൽ 30 പേർക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചു. പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ശാസ്ത്രീയമായി ഡ്രൈവിംഗ് പരിശീലിപ്പിച്ച് ഗുണമേന്മയുള്ള ഡ്രൈവിംഗ് പരിശീലനം നല്കുക എന്നതാണ് ലക്ഷ്യം. ഇതിനായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഈ വർഷം ജൂൺ 26 ന് മുഖ്യമന്ത്രി ഓൺലൈനായി  നിർവഹിച്ചിരുന്നു.

          വനിതകൾക്ക് ട്രെയിനിംഗ് നല്കുന്നതിന് പ്രത്യേക പരിശീലനം നേടിയിട്ടുള്ള വനിതാ ഇൻസ്ട്രക്ടമാരെ നിയോഗിച്ചിട്ടുണ്ട്. പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഫീസ് നിരക്കിൽ   ഇളവ് അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 

          മിതമായ നിരക്കിൽ ഏറ്റവും മികച്ച പ്രായോഗിക പരിശീലനമാണ് കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂളുകളിൽ നൽകുന്നത്. തിരുവനന്തപുരം സ്റ്റാഫ് ട്രയിനിംഗ് കേന്ദ്രത്തിൽ ആരംഭിച്ച ആദ്യ പരിശീലന കേന്ദ്രത്തിൽ വിവിധ വിഭാഗങ്ങളിലായി (HMV, LMV, Two Wheeler) ഇതുവരെ 182 പേർക്ക് പ്രവേശനം നൽകിയിട്ടുണ്ട്. 

          കെ.എസ്.ആർ.ടി.സിയുടെ ഡ്രൈവിംഗ് സ്‌കൂൾ സംരംഭത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പരിശീലന ഗ്രൗണ്ട്  സജ്ജമാക്കുന്നതിനായി എംഎൽഎ ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

          കേരള റോഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്നും കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്‌കൂളിനായി ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ചുള്ള അംഗീകാരം മോട്ടോർ വാഹനവകുപ്പിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഒരു ഡ്രൈവിങ് സ്‌കൂളിന് 30 ലക്ഷം രൂപയുടെ ധനസഹായം ലഭ്യമാക്കുന്നതിനായി  കെ.എസ്.ആർ.ടി.സി 11 യൂണിറ്റുകളിൽ  ഡ്രൈവിങ് സ്‌കൂൾ സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കി നല്കിയിട്ടുണ്ട്.

          അടുത്ത ആഴ്ച മുതൽ സംസ്ഥാനത്ത് എസി സൂപ്പർഫാസ്റ്റ് സർവീസുകൾ നിരത്തിലിറങ്ങും. നിലവിൽ കെ.എസ്.ആർ.ടി.സി ബസപകടങ്ങൾ ശക്തമായ നിയന്ത്രണത്തിലൂടെയും കർശനമായ നടപടികളിലൂടെയും ഗണ്യമായി കുറച്ചു. ഓണക്കാലത്തുൾപ്പെടെ പരമാവധി സർവീസുകൾ നിരത്തിലിറക്കിയതിലൂടെ ഭൂരിഭാഗം ഡിപ്പോകളും പ്രവർത്തന ലാഭത്തിലെത്തി. ഇതിൽ കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റും തൊഴിലാളികളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി നിന്നു എന്നത് അഭിമാനകരമാണ്. ഇനി മുതൽ ഡ്രൈവിംഗ് ലൈസൻസുകൾ ഡിജിറ്റലാക്കി മാറ്റുമെന്നും ക്യുആർ കോഡിലൂടെ വെരിഫൈ ചെയ്യുന്ന സൗകര്യം നിലവിൽ വരുമെന്നും മന്ത്രി പറഞ്ഞു.

          സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻകേരള കെ.എസ്.ആർ.ടി.സിയുമായി ചേർന്ന് 14 ഡിപ്പോകളെ കേന്ദ്രീകരിച്ച് പൊതുജനങ്ങൾക്കും യാത്രക്കാർക്കും ജീവനക്കാർക്കും സഹായകരമായ രീതിയിൽ ജെറിയാട്രിക്‌സ് ഉൾപ്പെടെയുള്ള എല്ലാ തരത്തിലുള്ള അത്യാഹിതങ്ങളും കൈകാര്യം ചെയ്യാൻ പ്രാപ്തമായ രീതിയിൽ എമർജൻസി മെഡിക്കൽ കെയർ യൂണിറ്റുകൾ ആരംഭിക്കുന്നതാണ്. ഈ കേന്ദ്രങ്ങൾ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്നതാണ്.

 കെ.എസ്..ആർ.ടി.സി ഡ്രൈവിംഗ് സ്‌കൂൾ കരിക്കുലത്തിൽ ഫസ്റ്റ് എയ്ഡ് നൽകുന്നതിനുള്ള പരിശീലനം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

          ആദ്യഘട്ടത്തിൽ തിരുവനന്തപുരം സെൻട്രൽകൊട്ടാരക്കരകൊല്ലംപത്തനംതിട്ടകോട്ടയംഎറണാകുളംപാലക്കാട്കോഴിക്കോട്സുൽത്താൻ ബത്തേരികണ്ണൂർകാസർകോട്നെയ്യാറ്റിൻകരനെടുമങ്ങാട്തൃശൂർ എന്നീ 14 കെ.എസ്.ആർ.ടി.സി യൂണിറ്റുകളിലാണ് എമർജൻസ് മെഡിക്കൽ കെയർ യൂണിറ്റുകൾ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

          കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എസ്.ആർ.ടി.സി സി.എം.ഡി പി എസ് പ്രമോജ് ശങ്കർ സ്വാഗതമാശംസിച്ചു. കെ എസ് ആർടി സി ബോർഡംഗങ്ങളായ ഗതാഗത വകുപ്പ് അഡീഷണൽ സെക്രട്ടറി വിജയശ്രീ കെ എസ് ധനവകുപ്പ് അഡീഷണൽ സെക്രട്ടറി അജയകുമാർ കെ എസ് നാറ്റ്പാക് ഡയറക്ടർ ഡോ:സാംസൺ മാത്യു, വാർഡ് കൗൺസിലർ ഡി ജി കുമാരൻസൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ഇന്ത്യ കേരള പ്രസിഡന്റ് ഡോ: ഷിജു സ്റ്റാൻലി, എസ് ടി സി പ്രിൻസിപ്പൽ സലിംകുമാർ ആർ എസ് എന്നിവർ സംബന്ധിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.