സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം ഓടാമെന്ന് ഹൈകോടതി
മോട്ടോര്‍ വെഹിക്കിള്‍ സ്‌കീമിലെ വ്യവസ്ഥ റദ്ദാക്കി ഹൈകോടതി
കൊച്ചി : സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്റര്‍ കടന്നും സർവീസ് ആകാമെന്ന് ഹൈകോടതി ഉത്തരവ്. 140 കിലോമീറ്ററിലധികം ഓടുന്നതിന് സ്വകാര്യ ബസുകൾക്ക് പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോര്‍ വെഹിക്കിള്‍ സ്‌കീമിലെ വ്യവസ്ഥയാണ് ഹൈകോടതി റദ്ദാക്കിയത്. സ്വകാര്യ ബസുടമകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈകോടതിയുടെ ഉത്തരവ്. റൂട്ട് ദേശസാത്കൃതമാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോര്‍ വാഹന വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
140 കിലോമീറ്ററിലധികമുള്ള റൂട്ടുകളില്‍ താത്കാലിക പെര്‍മിറ്റ് നിലനിര്‍ത്താമെന്ന് സിംഗിള്‍ ബെഞ്ച് നേരത്തേ ഉത്തരവിട്ടിരുന്നു. 140 കി.മീറ്ററിലധികം ദൂരം സർവിസ് നടത്തുന്ന ബസുകളുടെ പെർമിറ്റ് അധികൃതർ പുതുക്കി നൽകാതിരുന്നത് യാത്രാക്ലേശം വർധിപ്പിച്ചിരുന്നു. ഹൈകോടതി വിധി പ്രസ്തുത റൂട്ടുകളിൽ സർവിസ് നടത്താനിരുന്ന കെ.എസ്.ആർ.ടിസിക്ക് വൻ തിരിച്ചടിയായി.
ഹൈകോടതി ഉത്തരവോടെ സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിന് മുകളില്‍ പെര്‍മിറ്റ് അനുവദിക്കരുതെന്ന കെ.എസ്.ആര്‍.ടി.സി നിലപാടിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം പെര്‍മിറ്റ് നല്‍കാതിരിക്കുന്ന മോട്ടോര്‍ വെഹിക്കിള്‍ സ്‌കീം നിയമപരമല്ലെന്ന സ്വകാര്യബസുടമകളുടെ വാദം ഹൈകോടതി അംഗീകരിക്കുകയായിരുന്നു.