കനത്ത മഴ; തിരുവല്ലയിൽ മരം കടപുഴകി വീടിന് മുകളിലേക്ക് വീണു
വീടിൻറെ മേൽക്കൂര പൂർണമായും തകർന്നു
പത്തനംതിട്ട :കനത്ത മഴക്കൊപ്പം വീശി അടിച്ച ശക്തമായ കാറ്റിൽ തിരുവല്ല പെരിങ്ങര പഞ്ചായത്ത് പതിമൂന്നാം വാർഡിലെ കണ്ണാട്ടുകുഴി ഭാഗത്ത് ആര്യാട്ട് വീട്ടിൽ എ ജി ചാക്കോയുടെ വീടിൻറെ മുകളിലേക്കും സമീപത്തെ വീടിൻറെ കാലിത്തൊഴുത്തിന് മുകളിലേക്കും മരം വീണു. അയൽവാസിയായ പി എൻ ശിവൻകുട്ടിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്നിരുന്ന രണ്ട് തേക്കുമരങ്ങളാണ് കടപുഴകി വീടിനും കാലിത്തൊഴുത്തിനും മുകളിലേക്ക് പതിച്ചത്. ഇന്ന് പുലർച്ചെ നാലരയുടെ വീശി അടിച്ച കാറ്റിലാണ് മരങ്ങൾ കടപുഴകിയത്.വീടിൻറെ മേൽക്കൂര പൂർണമായും തകർന്നു. സംഭവ സമയം ചാക്കോയും ഭാര്യ മോളിക്കുട്ടിയും ചാക്കോയുടെ മതവും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ചാക്കോയും ഭാര്യയും കിടന്നിരുന്ന മുറിയുടെ മുകളിലേക്കാണ് മരം വീണത്. ചാക്കോയുടെ വീട്ടിലേക്കുള്ള വൈദ്യുതി പോസ്റ്റും ഒടിഞ്ഞ വീണിട്ടുണ്ട്. പ്രദേശത്ത് ഏറെ നേരമായി വൈദ്യുതി മുടങ്ങിക്കിടക്കുകയാണ്. റവന്യൂ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.