കേരളത്തിന്റെ സ്വന്തം വൈൻ ബ്രാൻഡ് ‘നിള’ ഉടൻ വിപണിയിലെത്തും
തൃശ്ശൂർ : കർഷകർക്ക് അധിക വരുമാനം ലക്ഷ്യമിട്ട് പഴങ്ങളിൽനിന്ന് വൈൻ ഉത്പാദിപ്പിക്കാനുള്ള പദ്ധതി യാഥാർഥ്യമാകുന്നു. കേരളത്തിന്റെ വൈൻ ബ്രാൻഡ് ‘നിള’ ഉടൻ വിപണിയിലെത്തും. കേരള കാർഷിക സർവകലാശാല നിർമിക്കുന്ന വൈനിന് ലേബൽ ലൈസൻസ് കൂടിയേ കിട്ടാനുള്ളൂ. വാഴപ്പഴം, പൈനാപ്പിൾ, കശുമാങ്ങ എന്നിവ ഉപയോഗിച്ചാണ് സർവകലാശാലയിൽ വൈൻ ഉണ്ടാക്കിയത്. ഏഴു മാസം വേണ്ടിവന്നു. ഒരുമാസം പഴച്ചാർ പുളിപ്പിക്കുന്നതിനും ആറു മാസം പാകപ്പെടുത്തുന്നതിനും. സർവകലാശാലയിൽ വിളയിച്ചതും കർഷകരിൽനിന്ന് വാങ്ങുന്നതുമായ പഴങ്ങളാണ് ഉപയോഗിക്കുക.സംസ്ഥാനത്ത് നിലവിൽ വൈൻ നിർമാണ യൂണിറ്റുകളില്ല. മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് വൈൻ നയമുള്ളത്. പഴങ്ങളിൽനിന്ന് വൈൻ ഉത്‌പാദിപ്പിക്കുന്ന സാങ്കേതികവിദ്യയ്ക്ക് കാർഷിക സർവകലാശാലയ്ക്ക് നേരത്തേ പേറ്റന്റ് ലഭിച്ചിരുന്നു.
പുതിയ ചട്ടമനുസരിച്ച് വൈൻ നിർമാണ യൂണിറ്റുകൾക്ക് മൂന്നു വർഷത്തേക്കാണ് ലൈസൻസ്. 50,000 രൂപയാണ് വാർഷിക ഫീസ്. എക്‌സൈസ് കമ്മിഷണറുടെ നിർദേശാനുസരണം കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ചെയർമാനായി ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് ഇൻസ്‌പെക്ടർ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ എന്നിവർ അംഗങ്ങളായ കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ് ലൈസൻസ് നൽകുക.
സംസ്ഥാനത്ത് വൈൻ ഉത്‌പാദനത്തിന് നാലപേക്ഷകളാണ് എക്‌സൈസിന് കിട്ടിയത്. ആദ്യ ലൈസൻസ് ലഭിച്ച കേരള കാർഷിക സർവകലാശാലയിലെ പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് വിഭാഗമാണ് ഉത്പാദനത്തിന് തുടക്കമിടുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ആദ്യബാച്ചിൽ 500 കുപ്പി വൈനാണ് നിർമിച്ചത്. ബിവറേജസ് കോർപറേഷൻ വഴി വിൽപ്പനയ്ക്കാണ് ധാരണയെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം വന്നിട്ടില്ല.