ശബരിമല തീർത്ഥാടനം, സന്നദ്ധ സേവനം നടത്താൻ താത്പര്യമുള്ള ആരോഗ്യ പ്രവർത്തകർക്ക് അവസരമൊരുക്കും: മന്ത്രി വീണാ ജോർജ്
നിലക്കൽ, നീലിമല, അപ്പാച്ചിമേട്, ചരൽമേട്, എരുമേലി തുടങ്ങിയ ആരോഗ്യ സേവന കേന്ദ്രങ്ങളിലും
ശബരിമല തീർത്ഥാടന കാലത്ത് സന്നദ്ധ സേവനം അനുഷ്ഠിക്കുവാൻ താത്പര്യവും അംഗീകാരവുമുള്ള ആരോഗ്യ പ്രവർത്തകരെ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോന്നി മെഡിക്കൽ കോളേജ്, പത്തനംതിട്ട ജനറൽ ആശുപത്രി, പമ്പ, സന്നിധാനം തുടങ്ങിയ ആശുപത്രികളിലും നിലക്കൽ, നീലിമല, അപ്പാച്ചിമേട്, ചരൽമേട്, എരുമേലി തുടങ്ങിയ ആരോഗ്യ സേവന കേന്ദ്രങ്ങളിലും അവരെ നിയോഗിക്കും. ആരോഗ്യവകുപ്പിൽ നിന്നും വിരമിച്ചവർ ഉൾപ്പെടെയുള്ളവർക്കാണ് അവസരമൊരുക്കുന്നത്. താത്പര്യമുള്ളവർ [email protected] എന്ന ഇമെയിൽ വിലാസത്തിൽ നവംബർ 11നകം രേഖകൾ ഉൾപ്പെടെ അപേക്ഷ സമർപ്പിക്കണം. ആരോഗ്യ വകുപ്പിലെ ജീവനക്കാരെ കൂടാതെ മെഡിക്കൽ കോളേജുകളിൽ നിന്നും വിദഗ്ധ കാർഡിയോളജി ഡോക്ടർമാരേയും ഫിസിഷ്യൻമാരേയും വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നിയോഗിക്കും. ഇത് കൂടാതെയാണ് പരിചയ സമ്പന്നരായ ആരോഗ്യ പ്രവർത്തകരുടെ സേവനം കൂടി ലഭ്യമാക്കുന്നത്.