കേരളത്തിന്റെ 'ഹില്ലി അക്വ' ദുബായിലേക്ക്

ഇന്ത്യയിൽ ആദ്യമായി ബയോ ഡിഗ്രേഡബിൾ കുപ്പികളിൽ കുടിവെള്ളം

Aug 11, 2025
കേരളത്തിന്റെ 'ഹില്ലി അക്വ' ദുബായിലേക്ക്
hilly aqua water

post

ഇന്ത്യയിൽ ആദ്യമായി ബയോ ഡിഗ്രേഡബിൾ കുപ്പികളിൽ കുടിവെള്ളം

കേരള സർക്കാരിന്റെ കുപ്പിവെള്ള ബ്രാൻഡായ ഹില്ലി അക്വ ദുബായിലേക്ക് കയറ്റുമതി ആരംഭിച്ചു. ദക്ഷിണേന്ത്യയിൽ നിന്ന് ദുബായിലേക്ക് കുപ്പിവെള്ളം കയറ്റുമതി ചെയ്യുന്ന ഏക സ്ഥാപനമെന്ന നേട്ടം ഇതോടെ സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെ.ഐ.ഐ.ഡി.സി.) ഉടമസ്ഥതയിലുള്ള കുപ്പിവെള്ള ബ്രാൻഡായ ഹില്ലി അക്വ സ്വന്തമാക്കി. പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് കണ്ടെയ്നർ കുപ്പിവെള്ളം ഇതിനോടകം ദുബായിലേക്ക് കയറ്റുമതി ചെയ്തു കഴിഞ്ഞു. യു.എ.ഇ., സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ, ഖത്തർ, കുവൈറ്റ് തുടങ്ങിയ ജിസിസി രാജ്യങ്ങളിലേക്ക് ഹില്ലി അക്വയുടെ എല്ലാ ഉൽപ്പന്നങ്ങളും കയറ്റുമതി ചെയ്യാൻ അരോഹണ ജനറൽ ട്രേഡിംഗ് എൽഎൽസി എന്ന യു.എ.ഇ. ആസ്ഥാനമായുള്ള കമ്പനിയുമായി ചർച്ചകൾ നടന്നു വരുന്നു.

തിരുവനന്തപുരത്ത് നടന്ന ഗ്ലോബൽ ട്രാവൽ മീറ്റിലാണ് കയറ്റുമതിക്കുള്ള ധാരണയായത്. 2024 ഒക്ടോബർ 1-ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിൽ കയറ്റുമതിയ്ക്കുള്ള ധാരണാപത്രം ഒപ്പുവച്ചു. ഭാവിയിൽ ആഗോള ടെൻഡറുകളിലൂടെ വിപണി സാധ്യതയുള്ള മറ്റ് വിദേശ രാജ്യങ്ങളിലെ വിതരണക്കാരെ കണ്ടെത്തി വിപണി വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

സംസ്ഥാനത്തിന് പുറത്തേക്കും ഹില്ലി അക്വയുടെ വിപണി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതുച്ചേരിയിലെ മാഹിയിൽ ഒരു വിതരണ കമ്പനിയുമായി കരാറിലേർപ്പെട്ടു. കൂടുതൽ അന്യസംസ്ഥാന വിതരണക്കാരുമായുള്ള ചർച്ചകളും പുരോഗമിക്കുന്നു.

പരിസ്ഥിതി മലിനീകരണം ഒഴിവാക്കാൻ ഇന്ത്യയിൽ ആദ്യമായി ബയോ ഡിഗ്രേഡബിൾ കുപ്പികളിൽ കുപ്പിവെള്ളം വിതരണം ചെയ്യാനുള്ള നടപടികൾ ഹില്ലി അക്വ ആരംഭിച്ചു. ഇതിന്റെ ട്രയൽ പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്. ഗുണമേന്മയുള്ള ഐസ് ക്യൂബുകളുടെ വിതരണവും ഉടൻ ആരംഭിക്കും.

ഹില്ലി അക്വ ആലുവയിൽ നിർമ്മിക്കുന്ന പ്ലാന്റ് 2025 ഡിസംബറിലും കോഴിക്കോട് ചക്കിട്ടപ്പാറയിലെയും ഇടുക്കിയിലെ കട്ടപ്പനയിലെയും പ്ലാന്റുകൾ 2026 ഫെബ്രുവരിയിലും കമ്മീഷൻ ചെയ്യും. പുതിയ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് 19 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. പുതിയ പ്ലാന്റുകളുടെ കമ്മീഷനിങ്ങോടുകൂടി പ്രതിമാസ ഉൽപാദനം 50 ലക്ഷം ലിറ്ററായി വർദ്ധിപ്പിച്ച് 25 കോടി വിറ്റുവരവ് എന്ന ലക്ഷ്യം കൈവരിക്കാനാകും.

സർക്കാർ വിപണന സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിച്ചതിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റുവരവ് അഞ്ചു കോടി നിന്നും 11.4 കോടി രൂപയായി ഉയർത്താൻ സ്ഥാപനത്തിന് കഴിഞ്ഞു. കെ-സ്റ്റോർ, കൺസ്യൂമർഫെഡ്, കെ.ടി.ഡി.സി., നീതി മെഡിക്കൽ സ്റ്റോറുകൾ, ജയിൽ ഔട്ട്‌ലെറ്റുകൾ, കേരള കാഷ്യു ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്, ഗുരുവായൂർ ദേവസ്വം, മെഡിക്കൽ കോളേജ് ഔട്ട്‌ലെറ്റ്, വനം വകുപ്പ് ഔട്ട്‌ലെറ്റ്, കെ.എസ്.ആർ.ടി.സി., കൂടാതെ 'സുജലം പദ്ധതി' പ്രകാരം കേരളത്തിലെ റേഷൻ കടകളിലൂടെ വിതരണം മെച്ചപ്പെടുത്തിയതും നേട്ടമായി. കൂടാതെ, മൂന്ന് വർഷത്തേക്ക് റെയിൽവേ വഴി വിൽപന നടത്താനും ധാരണയായിട്ടുണ്ട്.

ഭൂഗർഭജലത്തിന് പകരം മലങ്കര, അരുവിക്കര ഡാമുകളിലെ ജലമാണ് ഹില്ലി അക്വ കുപ്പിവെള്ളം നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ഉപരിതലജലത്തിൽ നിന്ന് ജലം ബോട്ടിലിംഗ് ചെയ്യുന്ന ഏക കുപ്പിവെള്ള സ്ഥാപനമാണ് ഹില്ലി അക്വ.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.