ആരോഗ്യം ആനന്ദം ' കാൻസർ പ്രതിരോധ ജനകീയ കാമ്പയിന് തുടക്കമായി
നേരത്തെ കണ്ടുപിടിക്കാനും പ്രതിരോധിക്കാനും സാധിക്കുന്ന ഗർഭാശയ ഗളാർബുദം, സ്തനാർബുദം എന്നിവയാണ് ഈ കാമ്പയിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ളത്
എറണാകുളം : ലോക കാൻസർ ദിന ത്തിൽ "ആരോഗ്യം ആനന്ദം.. അകറ്റാം അർബുദം "കാൻസർ പ്രതിരോധ ജനകീയ കാമ്പയിന്റെ എറണാകുളം ജില്ലാ തല ഉദ്ഘാടനത്തോടനുബന്ധിച്ചു കാൻസർ സ്ക്രീനിംഗും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു .സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിൻ്റെ നേതൃത്വ ത്തിൽ ഫെബ്രുവരി 4 ന് ആരംഭിച്ചു മാർച്ച് 8 വരെ 30 വയസ്സിനു മുകളിലുള്ള സ്ത്രീകളിലെ അർബുദ പരിശോധനാ പരിപാടിയായ 'ആരോഗ്യം ആനന്ദം-അകറ്റാം അർബുദം' കാൻസർ പ്രതിരോധ ജനകീയ കാമ്പയിനും തുടക്കമായി. നേരത്തെ കണ്ടുപിടിക്കാനും പ്രതിരോധിക്കാനും സാധിക്കുന്ന ഗർഭാശയ ഗളാർബുദം, സ്തനാർബുദം എന്നിവയാണ് ഈ കാമ്പയിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ളത്. 30 നു മുകളിൽ പ്രായമുള്ള എല്ലാ സ്ത്രീകളെയും സൗജന്യമായി സ്ക്രീനിംഗ് ചെയ്യുക,സാമൂഹിക പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പരിപാടിയിൽ സ്ത്രീകൾക്കായി സ്ത്രീകളിലൂടെ' എന്ന പ്രചാരണ ബോധവൽക്കരണ പരിപാടികളിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കും.പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കൊച്ചി നഗരസഭ മേയർ അഡ്വ എം അനിൽകുമാർ നിർവഹിച്ചു. കൊച്ചി നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി. കെ അഷറഫ് അധ്യക്ഷനായിരുന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ആശാദേവി മുഖ്യ പ്രഭാഷണം നടത്തി. ഡോ.സവിത കെ (ഡെപ്യൂട്ടി ഡി. എം ഒ ), എറണാകുളം ജില്ലാശുപത്രി സൂപ്രണ്ട് ഡോ. സഹിർഷാ, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശിവപ്രസാദ് പി എസ്, ഡെപ്യൂട്ടി എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ജോബി കെ പി എന്നിവർ ചടങ്ങിൽ സംസാരിച്ചു.തുടർന്ന് കാൻസറും പ്രതിരോധവും എന്ന വിഷയത്തിൽ ജില്ലാശുപത്രി ഓങ്കോളജിസ്റ്റ് ഡോ. ബാലമുരളീധരൻ, ഡോ. ഉഷശ്രീ എന്നിവർ ബോധവത്ക്കരണ സെമിനാർ നയിച്ചു. പോസ്റ്റർരചന, ഫ്ലാഷ് മോബ്, ബലൂൺ പറത്തൽ എന്നിവയും ഉണ്ടായിരുന്നു.