ജിപാറ്റ് ജൂൺ എട്ടിന്; ഓൺലൈൻ അപേക്ഷ മേയ് എട്ടുവരെ
വിജ്ഞാപനം https://nat/board.edu.inൽ
സ്കോളർഷിപ്പോടെ എം.ഫാം പഠനത്തിനായുള്ള ദേശീയതല ഗ്രാജ്വേറ്റ് ഫാർമസി ആപ്റ്റിട്യൂഡ് ടെസ്റ്റ് (ജിപാറ്റ് 2024) ജൂൺ എട്ടിന് നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിന്റെ ആഭിമുഖ്യത്തിൽ നടത്തും.വിജ്ഞാപനവും ഇൻഫർമേഷൻ ബുള്ളറ്റിനും https://natboard.edu.inൽ. പരീക്ഷാഫീസ് ജനറൽ, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് 3500 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി 2500 മതി. നാലുവർഷത്തെ അംഗീകൃത ഫാർമസി ബിരുദം (ബി.ഫാം) വേണം. പ്രീഫൈനൽ/ഫൈനൽ യോഗ്യത പരീക്ഷ എഴുതുന്നവരെയും പരിഗണിക്കും.
നിർദേശാനുസരണം ഓൺലൈനായി മേയ് എട്ടു വരെ അപേക്ഷിക്കാം. തെറ്റ് തിരുത്താൻ മേയ് 11-14 വരെ സൗകര്യം ലഭിക്കും. അഡ്മിറ്റ് കാർഡ് ജൂൺ മൂന്നിന് ഡൗൺലോഡ് ചെയ്യാം.പരീക്ഷ: ജിപാറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, ഫാർമസ്യൂട്ടിക്സ്, ഫാർമ കോഴ്സ്, ഫാർമക്കോളജി അനുബന്ധ വിഷയങ്ങളിൽ മൾട്ടിപ്പ്ൾ ചോയ്സ് മാതൃകയിലുള്ള 125 ചോദ്യങ്ങളുടെയും പരമാവധി 500 മാർക്കിനാണ് പരീക്ഷ. മൂന്നുമണിക്കൂറാണ് സമയം.
ശരി ഉത്തരത്തിന് 4 മാർക്ക്. ഉത്തരം തെറ്റിയാൽ ഓരോ മാർക്ക് വീതം കുറയും. ജൂൺ 8ന് ഉച്ചക്ക് ശേഷം 2 മുതൽ 5 വരെയാണ് പരീക്ഷാസമയം. 12 മണിക്ക് റിപ്പോർട്ട് ചെയ്യാം. ഒന്നരക്ക് ശേഷം ഹാളിൽ പ്രവേശനമില്ല. അഡ്മിറ്റ് കാർഡും ഫോട്ടോ ഐഡന്റിഫിക്കേഷനും കൈവശമുണ്ടാകണം.കേരളത്തിൽ കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ പരീക്ഷാ കേന്ദ്രങ്ങളാണ്. ആദ്യം അപേക്ഷിക്കുന്നവർക്കാണ് സൗകര്യപ്രദമായ സെന്ററുകൾ ലഭിക്കാൻ സാധ്യത. ടെസ്റ്റ് സെന്റർ അഡ്മിറ്റ് കാർഡിലൂടെ അറിയിക്കും. പരീക്ഷാഫലം ജൂലൈ 8ന് പ്രഖ്യാപിക്കും.ജിപാറ്റ് 2024 സ്കോറിന് മൂന്നുവർഷത്തെ പ്രാബല്യമുണ്ടാകും. എം.ഫാം, പിഎച്ച്.ഡി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ജിപാറ്റ് സ്കോർ പരിഗണിക്കും. കൂടുതൽ വിവരങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.