അഖിലേന്ത്യ ആയുഷ് പി.ജി പ്രവേശന പരീക്ഷ ജൂലൈ ആറിന്
ഓൺലൈനായി മേയ് 15 വരെ അപേക്ഷിക്കാം

ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി അടക്കം 2024-25 വർഷത്തെ ആയുഷ് പി.ജി (എം.ഡി/എം.എസ്) കോഴ്സുകളിലേക്കുള്ള ‘ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ് (എ.ഐ.എ.പി.ജി.ഇ.ടി-2024) ജൂലൈ ആറിന് നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ ആഭിമുഖ്യത്തിൽ നടത്തും. പരീക്ഷാ വിജ്ഞാപനവും ഇൻഫർമേഷൻ ബുള്ളറ്റിനും https://exams.nta.ac.in/AIAPGETൽ. ഓൺലൈനായി മേയ് 15 വരെ അപേക്ഷിക്കാം.അപേക്ഷാ ഫീസ്: ജനറൽ -2700 രൂപ, ജനറൽ -ഇ.ഡബ്ല്യു.എസ്/ഒ.ബി.സി-എൻ.സി.എൽ-2450 രൂപ, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/ തേർഡ് ജൻഡർ -1800 രൂപ.യോഗ്യത: അംഗീകൃത ബി.എ.എം.എസ്/ബി.യു.എം.എസ്/ബി.എസ്.എം.എസ്/ ബി.എച്ച്.എം.എസ് ബിരുദവും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷിക്കാം. 2024 ജൂൺ 30നകം ഇന്റേൺഷിപ് പൂർത്തിയാക്കിയിരിക്കണം.പരീക്ഷ: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ മൾട്ടിപ്പിൾ ചോയ്സ് മാതൃകയിൽ 120 ചോദ്യങ്ങളുണ്ടാവും. രണ്ടുമണിക്കൂർ സമയം. ശരി ഉത്തരത്തിന് നാലുമാർക്ക്. ഉത്തരം തെറ്റിയാൽ ഓരോ മാർക്ക് കുറക്കും. പരമാവധി 480 മാർക്കിനാണ് പരീക്ഷ.
ആയുർവേദത്തിൽ ഇംഗ്ലീഷിലും ഹിന്ദിയിലും ഹോമിയോപ്പതിയിൽ ഇംഗ്ലീഷിലും സിദ്ധയിൽ ഇംഗ്ലീഷിലും തമിഴിലും യൂനാനിയിൽ ഇംഗ്ലീഷിലും ഉർദുവിലും ചോദ്യപേപ്പറുകളുണ്ടാവും. പരീക്ഷാ ഘടനയും സിലബസും നാഷനൽ കമീഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷനൽ കമീഷൻ ഫോർ ഹോമിയോപ്പതി എന്നിവയുടെ വെബ്സൈറ്റിലുണ്ട്.
കേരളത്തിൽ എറണാകുളം/കൊച്ചി, കണ്ണൂർ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. ഇന്ത്യയൊട്ടുക്കും 97 നഗരങ്ങളിലായാണ് പരീക്ഷ നടത്തുക. പ്രവേശന നടപടികൾ, സംവരണം അടക്കം കൂടുതൽ വിവരങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.