'ശ്രീനാരായണ ഗുരുദേവന്റെ സന്ദേശം ഇന്ന് ഏറെ പ്രസക്തം'; ഫ്രാൻസിസ് മാർപാപ്പ
വിശ്വ മഹാഗുരു ശ്രീനാരായണ ഗുരുദേവന്റെ സന്ദേശം ഇന്ന് ഏറെ പ്രസക്തമെന്ന് ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി: വിശ്വ മഹാഗുരു ശ്രീനാരായണ ഗുരുദേവന്റെ സന്ദേശം ഇന്ന് ഏറെ പ്രസക്തമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഗുരു ലോകത്തിന് നൽകിയത് എല്ലാവരും മനുഷ്യകുടുംബത്തിലെ അംഗങ്ങളെന്ന സന്ദേശം. അസഹിഷ്ണുതയും വിദ്വേഷവും വർദ്ധിച്ചുവരുന്ന കാലത്ത് ഗുരുവിന്റെ സന്ദേശം ഏറെ പ്രസക്തമാണെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.ശിവഗിരിമഠം സംഘടിപ്പിക്കുന്ന സർവമത സമ്മേളനത്തിലുള്ള ആശിർവാദ പ്രഭാഷണത്തിലാണ് മാർപാപ്പ ഈ പരാമർശം നടത്തിയത്. ശ്രീനാരായണ ഗുരുദേവന്റെ സ്മരണയിൽ മാനവ സ്‌നേഹത്തിന്റെ ആത്മീയ കേന്ദ്രമായ വത്തിക്കാനിൽ ഇന്ന് നടക്കുന്ന സർവ്വമത സമ്മേളനത്തിലും ലോക പാർലമെന്റിലും ഫ്രാൻസിസ് മാർപാപ്പയുടെ സാന്നിദ്ധ്യമുണ്ടാകും.ഇറ്റലി, ബെഹ്റൈൻ, ഇൻഡോനേഷ്യ, അയർലൻഡ്, യുഎഇ, ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങി പതിനഞ്ചിൽപരം രാജ്യങ്ങളിൽ നിന്നുള്ള വിവിധ മതപ്രതിനിധികൾ പങ്കെടുക്കും. ഇന്ത്യൻ സമയം ഉച്ചയോടെ ( അവിടുത്തെ സമയം രാവിലെ 9 ) സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ കർദ്ദിനാൾ ലസാറസ് യു ഹ്യൂങ്സിക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗുരുദേവൻ രചിച്ച ദൈവദശകം പ്രാർത്ഥന ഇറ്റാലിയൻ ഭാഷയിൽ മൊഴിമാറ്റം ചെയ്ത് ആലപിച്ചാണ് സമ്മേളനം ആരംഭിക്കുന്നത്. ശ്രീനാരായണ ദർശനവും ലോകസമാധാനവും എന്ന വിഷയത്തെ അധികരിച്ച് സ്വാമി സച്ചിദാനന്ദ പ്രഭാഷണം നടത്തും.‘‘ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ നടത്തിയ സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കാൻ കേരളത്തിൽനിന്നും ഇന്ത്യയിൽനിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എത്തിയ വിവിധ മതപാരമ്പര്യങ്ങളിലുള്ള നിങ്ങളെ സ്വാഗതം ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ‘നല്ല മാനവികതയ്ക്കായി മതങ്ങൾ ഒരുമിച്ച്’ എന്നതാണ് സമ്മേളനത്തിന്റെ ആപ്തവാക്യം. ഈ കാലഘട്ടത്തിൽ സർവമത സമ്മേളനത്തിന് വളരെയേറെ പ്രസക്തിയുണ്ട്. എല്ലാ മനുഷ്യരും ഒരൊറ്റ മനുഷ്യകുടുംബത്തിലെ അംഗങ്ങളാണെന്ന വ്യക്തമായ സന്ദേശത്തിന് വേണ്ടിയാണ് ശ്രീനാരായണ ഗുരു തന്റെ ജീവിതം സമർപ്പിച്ചത്. ആരോടും ഒരു തരത്തിലുള്ള വിവേചനം ഉണ്ടാകരുതെന്നും അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹം നൽകിയ സന്ദേശം ഇന്നത്തെ ലോകത്തിന് മുന്നിൽ പ്രസക്തമാണ്. രാജ്യങ്ങൾ തമ്മില്‍ അസഹിഷ്ണുതയും വിദ്വേഷവും വർധിച്ചുവരുന്ന സംഭവങ്ങൾക്ക് നാം സാക്ഷ്യം വഹിക്കുകയാണ്. വിവേചനവും അക്രമവും ദൈനംദിനം വർധിച്ചു വരുന്നു.’’ – മാർപാപ്പ പറഞ്ഞു.