സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും
ബോട്ടുകൾ എല്ലാം കടലിലിറങ്ങുന്നതോടെ മീൻപിടിത്ത തുറമുഖങ്ങളും മത്സ്യബന്ധന കേന്ദ്രങ്ങളും സജീവമാകും
കൊച്ചി : യന്ത്രവൽകൃത മീൻപിടിത്ത ബോട്ടുകൾക്കുള്ള മൺസൂൺകാല ട്രോളിങ് നിരോധനം ബുധൻ അർധരാത്രി അവസാനിക്കും. വല നിറയെ പ്രതീക്ഷകളുമായി കടലിൽ പോകാനുള്ള ഒരുക്കത്തിലാണ് മത്സ്യത്തൊഴിലാളികൾ. തോപ്പുംപടി, മുരിക്കുംപാടം, കാളമുക്ക്, മുനമ്പം ഹാർബറുകൾ കേന്ദ്രീകരിച്ച് ആയിരത്തിലധികം മീൻപിടിത്ത ബോട്ടുകളിലായി 11,000 തൊഴിലാളികളാണ് ജില്ലയിൽനിന്ന് കടലിൽ പോകുന്നത്. ഈ പ്രാവശ്യം നല്ല മഴ ലഭിച്ചതിനാൽ ചാകരക്കോളുണ്ടാകുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ. ബോട്ടുകൾക്ക് മാത്രമായി ലഭിക്കുന്ന കരിക്കാടി ചെമ്മീൻ കൂടാതെ മറ്റു വിഭാഗത്തിലെ ചെമ്മീൻ, കിളിമീൻ, അരണമീൻ, നങ്ക്, കണവ, കൂന്തൽ എന്നിവയും ബോട്ടുകാർ പിടിക്കും.
ബോട്ടിൽ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികൾക്കുപുറമെ നാലിരട്ടിയോളം അനുബന്ധ തൊഴിലാളികളും ഈ രംഗത്തുണ്ട്. ബോട്ടുകൾ എല്ലാം കടലിലിറങ്ങുന്നതോടെ മീൻപിടിത്ത തുറമുഖങ്ങളും മത്സ്യബന്ധന കേന്ദ്രങ്ങളും സജീവമാകും. ഇതോടെ കുത്തനെ ഉയർന്നുനിൽക്കുന്ന മീൻവില കുറയുമെന്നാണ് പ്രതീക്ഷ. കടൽതീരത്തോട് അടുത്തുള്ള ബോട്ടുകളുടെ മീൻപിടിത്തവും ചെറുമീനുകളെ പിടിക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്.