ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കരതൊട്ടു; വെള്ളത്തിൽ മുങ്ങി ചെന്നെെ നഗരം
ചെന്നെെ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കരതൊട്ടു. വെെകീട്ട് അഞ്ചരയോടെയാണ് ചുഴലിക്കാറ്റ് പുതുച്ചേരിയിൽ കരതൊട്ടത്. ചെന്നെെയിലും തമിഴ്‌നാട്ടിലെ കിഴക്കൻ തീരദേശ ജില്ലകളിലും കനത്ത മഴയാണ് പെയ്യുന്നത്. കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായി. റോഡ്, ട്രെയിൻ ഗതാഗതം പലയിടത്തും തടസപ്പെട്ടു. ഞായറാഴ്ച പുലർച്ചെ നാലുവരെ ചെന്നെെ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. നൂറിലേറെ വിമാനസർവീസുകൾ റദ്ദാക്കി. 19 സർവീസുകൾ വഴിതിരിച്ചുവിട്ടു. കടൽ പ്രക്ഷുബ്ധമാണ്.
ആറ് മണിക്കൂറിലേറെയായി പെയ്യുന്ന കനത്ത മഴയിൽ പുതുച്ചേരി ബീച്ച് റോഡിൽ മുഴുവൻ മഴവെള്ളം കെട്ടിക്കിടക്കുകയാണ്. മറീന ബീച്ചിൽ ശക്തമായ കാറ്റിനെയും ഫെയ്ഞ്ചൽ കൊടുങ്കാറ്റിനെ തുടർന്ന് പട്ടിനമ്പാക്കത്ത് നിന്ന് എമേഴ്‌സൺ പോയിന്റിലേക്കുള്ള ലൂപ്പ് റോഡ് പൂർണമായും അടച്ചു. വാഹനങ്ങൾ അനുവദിക്കില്ല. പൊതുജനങ്ങൾ ബീച്ചിലേക്ക് വരരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഇതിനിടെ ചെന്നൈയിൽ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ചെന്നൈയിലെ പാരീസ് കോർണറിലെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ പോകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്.
അടുത്ത 48 മണിക്കൂർ കനത്ത മഴയുണ്ടായേക്കാമെന്നും കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എട്ടുജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു. ഐടി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്താനാണ് നിർദേശം. ബീച്ചുകളിലും അമ്യൂസ്‌മെന്റ് പാർക്കുകളിലും പൊതുജനങ്ങൾക്ക് വിലക്കേർപ്പെടുത്തി. 2299 ദുരിതാശ്വാസ ക്യാമ്പുകളും സർക്കാർ സജ്ജീകരിച്ചിട്ടുണ്ട്.