കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ റവ. ഫാ. ഫിലിപ്പ് തീമ്പലങ്ങാട്ട് (72) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ ( തിങ്കൾ, ഡിസംബർ 30) ഉച്ചയ്ക്ക് 1.00 മണിക്ക് പഴയിടം പള്ളി പാരിഷ്ഹാളിൽ ആരംഭിക്കുന്നതും തുടർന്നുള്ള ശുശ്രൂഷകൾ പഴയിടം സെന്റ് മൈക്കിൾസ് പള്ളിയിൽ നടത്തപ്പെടുന്നതുമാണ്. ഇന്ന് ( ഞായർ, ഡിസംബർ 29) വൈകുന്നേരം 4.00 മണി മുതൽ പഴയിടത്തുള്ള ഭവനത്തിലും നാളെ (തിങ്കൾ, ഡിസംബർ 30) രാവിലെ 10.00 മണി മുതൽ പഴയിടം പള്ളി പാരിഷ് ഹാളിലുമെത്തി ആദരാഞ്ജലികളർപ്പിച്ച് പ്രാർത്ഥിക്കാവുന്നതാണ്.
പഴയിടം തീമ്പലങ്ങാട്ട് പരേതരായ ചാക്കോ- അന്നമ്മ ദമ്പതികളുടെ പുത്രനായി ജനിച്ച് പൂന പേപ്പൽ സെമിനാരിയിൽ നിന്നും വൈദിക പരിശീലനം പൂർത്തിയാക്കി 1980 ഏപ്രിൽ 10 ന് ശുശ്രൂഷ പൗരോഹിത്യം സ്വീകരിച്ചു.
ഉപ്പുതറ, കപ്പാട്, മുണ്ടക്കയം ഇടവകകളിൽ അസിസ്റ്റന്റ് വികാരി, ഇളങ്ങോയി വികാരി, മലനാട് ഡെവലപ്പ്മെന്റ് സൊസൈറ്റി , ആശാ ഹോം എന്നിവയുടെ ജോയിന്റ് ഡയറക്ടർ, രൂപത പ്രൊക്കുറേറ്റർ തുടങ്ങിയ ശുശ്രൂഷകൾ നിർവഹിച്ചു. അമേരിക്കയിലെ ലൂയിസിയാനയിലുള്ള ഷ്റീപ്പോർട്ട് രൂപതയിലെ ശുശ്രൂഷയ്ക്ക് ശേഷം മടങ്ങിയെത്തി മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ പരിചരണത്തിലായിരുന്നു.
സഹോദരങ്ങൾ: തങ്കമ്മ ചക്കുങ്കൽ ( തോട്ടക്കാട്), ജയിംസ്കുട്ടി, മിനി കല്ലൂക്കുളങ്ങര (പുത്തൻകൊരട്ടി ), പരേതരായ ബേബിച്ചൻ, ജോസുകുട്ടി