ആക്രി പെറുക്കാനെന്ന വ്യാജന വീടുകളിലും സ്ഥാപനങ്ങളിലും മോഷണം നടത്തുന്ന നാടോടി സ്ത്രീകൾ പിടിയിൽ
തമിഴ്നാട് കോയമ്പത്തൂർ സ്വദേശികളായ കാളിയമ്മ, ജ്യാതി, നാഗമ്മ എന്നിവരാണ് പിടിയിലായത്.

കളമശ്ശേരി: ആക്രി പെറുക്കാനെന്ന വ്യാജന വീടുകളിലും സ്ഥാപനങ്ങളിലും മോഷണം നടത്തുന്ന നാടോടി സ്ത്രീകൾ കളമശ്ശേരി പൊലീസിന്റെ പിടിയിലായി. തമിഴ്നാട് കോയമ്പത്തൂർ സ്വദേശികളായ കാളിയമ്മ, ജ്യാതി, നാഗമ്മ എന്നിവരാണ് പിടിയിലായത്.വിവിധ സ്റ്റേഷനുകളിൽ കേസുള്ള ഇവർ ആക്രി പെറുക്കാനെന്ന വ്യാജേന വീടുകളിലെയും സ്ഥാപനങ്ങളിലെയും പരിസരത്തെത്തി നിരീക്ഷണം നടത്തിയ ശേഷം ആളില്ലാത്ത സമയം മോഷണം നടത്തി കടന്നുകളയുകയാണ് പതിവ്. വ്യാഴാഴ്ച ടോൾ ജങ്ഷന് സമീപം സാനിറ്ററി ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനത്തിൽ പുതുതായി വന്ന ബാത്റൂം ഫിറ്റിങ് ഉൽപന്നങ്ങൾ ഡിസ്പ്ലേക്ക് വെക്കുന്നതിനു മുന്നോടിയായി കടയുടെ പുറത്ത് ജനറേറ്റർ റൂമിനോട് ചേർന്നുള്ള സ്ഥലത്ത് സൂക്ഷിച്ചിരുന്നു.ഡിസ്പ്ലേ വെക്കാൻ സാധനങ്ങൾ എടുക്കാൻ വന്നപ്പോഴാണ് ഇവ നഷ്ടപ്പെട്ടതായി മനസ്സിലായത്. തുടർന്ന് സി.സി ടി.വി കാമറ പരിശോധിച്ചപ്പോഴാണ് പലപ്പോഴായി വന്ന് സാധനങ്ങൾ മോഷ്ടിക്കുന്നതായി കാണുന്നത്. കളമശ്ശേരി പൊലീസ് ഇൻസ്പെക്ടർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ സ്ക്വാഡുകളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിൽ മൂന്നു പേരെ ആലുവ ഭാഗത്തുനിന്നും അറസ്റ്റ് ചെയ്തു. ഒരാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.