‘ഒന്നാംതരം കുഞ്ഞെഴുത്തുകൾ’ പരമ്പര ബുധനാഴ്ച മുതൽ കൈറ്റ് വിക്ടേഴ്‌സിൽ
ഒന്നാം ക്ലാസിലെ കുട്ടികളെ ഒന്നാന്തരം എഴുത്തുകാരാക്കി മാറ്റിയ പ്രവർത്തനമാണ് 'സംയുക്ത ഡയറി'.
തിരുവനന്തപുരം : ഒന്നാം ക്ലാസിലെ കുട്ടികളെ എഴുത്തുകാരാക്കി മാറ്റിയ കുഞ്ഞെഴുത്തുകൾക്ക് കൈറ്റ് വിക്ടേഴ്‌സിൽ 'ഒന്നാംതരം' എന്ന പേരിൽ ദൃശ്യാവിഷ്‌കാരം ഒരുക്കുന്നു. കൈറ്റിന്റെ 'സ്‌കൂൾവിക്കി'യിൽ ഇതിനകം കഥയും കവിതയും ചിത്രങ്ങളും കുറിപ്പുകളുമായി പ്രസിദ്ധീകരിച്ച ഒന്നരലക്ഷത്തിലധികം കുഞ്ഞെഴുത്തുകൾ വികസിച്ചതിന്റെ കഥ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പറയുന്ന പരമ്പര എല്ലാ ബുധനാഴ്ചയും രാത്രി 08.30-ന് കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സി.ഇ.ഒ, കെ. അൻവർ സാദത്ത് അറിയിച്ചു.
ഒന്നാം ക്ലാസിലെ കുട്ടികളെ ഒന്നാന്തരം എഴുത്തുകാരാക്കി മാറ്റിയ പ്രവർത്തനമാണ് 'സംയുക്ത ഡയറി'. അക്ഷരം എഴുതാനും വായിക്കാനും പഠിക്കുന്നതിന്റെ ഭാഗമായി എല്ലാ ദിവസവും കുട്ടിയും രക്ഷിതാവും ചേർന്ന് ഡയറി എഴുതിയ കുട്ടിയുടെ അനുഭവങ്ങളാണ് ഉള്ളടക്കം. കുട്ടിക്ക് അറിയാവുന്ന അക്ഷരങ്ങൾ പെൻസിൽ വച്ച് കുട്ടിയും കുട്ടിക്ക് അറിയാത്ത അക്ഷരങ്ങൾ മഷി ഉപയോഗിച്ച് രക്ഷിതാവും എഴുതി. കുട്ടി ചിത്രവും വരച്ചു. എഴുതിയത് രക്ഷിതാവുമൊത്ത് വായിച്ചു. ക്രമേണ മഷിയെഴുത്ത് കുറയുകയും തനിച്ചെഴുത്തിലേക്ക് കുട്ടി വളരുകയും ചെയ്തു. പ്രധാനമായും മലയാളം മീഡിയത്തിലൂടെ നടത്തിയ ഈ പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷൻ കൂടിയാണ് പരമ്പര.കഴിഞ്ഞ അക്കാദമിക വർഷം പൊതുവിദ്യാഭ്യാസ വകുപ്പും എസ്.എസ്.കെ-യും നടപ്പിലാക്കിയ പരിപാടിയാണ് 'സചിത്ര പുസ്തകവും സംയുക്ത ഡയറിയും'.