എരുമേലി ശ്രീനിപുരത്ത് വീടിനു തീപിടിച്ച് മരണം മൂന്നായി ;ദമ്പതികളും മകളും മരണത്തിന് കീഴടങ്ങി ,മകൻ ഗുരുതവസ്ഥയിൽ

എരുമേലി :കനകപ്പലം ശ്രീനിപുരത്ത് വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ, കുടുംബത്തിൽ പൊള്ളലേറ്റ് ചികിൽസയിലായിരുന്ന രണ്ട് പേർ കൂടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് മരിച്ചു. ഇതോടെ ആകെ മരണം മൂന്നായി.എരുമേലി ശ്രീനിപുരം :പുത്തൻപുരയ്ക്കൽ സത്യപാലൻ്റെ ഭാര്യ ശ്രീജ ( സീതമ്മ – 48) ആണ് ആദ്യം സംഭവസ്ഥലത്ത് വെച്ച് മരിച്ചത്.ഗുരുതരമായി പൊള്ളലേറ്റ ആശുപത്രിയിൽ എത്തിച്ച സത്യപാലൻ ( 52 ) , മകൾ അജ്ഞലി (26), എന്നിവരാണ് അല്പം മുമ്പ് മരിച്ചത്. ഗുരുതരമായതിനെ തുടർന്ന് വെൻ്റിലേറ്റ്റിൽ വെക്കുകയായിരുന്നു.20% പൊള്ളലേറ്റ മകൻ അഖിലേഷ് ( ഉണ്ണിക്കുട്ടൻ – 22 ) പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ് .ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വീടിനകത്ത് തീ പടർന്നതിനെ തുടർന്ന് ബഹളം കേട്ടും – തീ കണ്ടും ഓടിക്കൂടിയ അയൽവാസികൾ വെള്ളം ഒഴിച്ച് തീ അണക്കാൻ ശ്രമിച്ചുവെങ്കിലും തീ ആളിപ്പടരുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വീടിൻ്റെ മുൻവശത്തെ കതക് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നും ഓടികൂടിയ നാട്ടുകാരാണ് കതക് പൊളിച്ചതെന്നും നാട്ടുകാർ പറഞ്ഞു.അകത്ത് കയറി വെള്ളം ഒഴിച്ച് തീ അണക്കാൻ ശ്രമിക്കുന്നതിനിടെ അജ്ഞലിയേയും, ഉണ്ണിക്കുട്ടനേയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പിന്നീട് നടന്ന തിരച്ചലിലാണ് സത്യപാലനെയും, ശ്രീജയേയും കണ്ടെത്തിയത്. സത്യപാലനെ എടുത്തതിന് ശേഷമാണ് ശ്രീജയെ പുറത്തെടുത്തത്.ശ്രീനിപുരം ജംഗഷനിൽ റോഡരികിൽ തന്നെയാണ് വീട്. ഉണ്ണിക്കുട്ടൻ വീടിനകത്ത് ബാത്ത് റൂമിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. വീടിനകത്ത് തീ പടരുകയും നിലവിളി കേട്ടുമാണ് ഉണ്ണിക്കുട്ടൻ ഇറങ്ങി വന്നതെന്നും നാട്ടുകാർ പറഞ്ഞു.സത്യപാലനും, ശ്രീജക്കും 90% പൊള്ളലാണെന്നാണ് പോലീസ് പറഞ്ഞു.
കുടുംബ തർക്കമാണ് സംഭവത്തിന് കാരണമെന്നാണ് പറയുന്നത്. അജ്ഞലി മൂന്ന് ദിവസം മുമ്പാണ് വിദേശത്ത് നിന്നും വന്നത്,അജ്ഞലിയുടെ വിവാഹവുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നതായും – ഇന്ന് രാവിലെയും ഇത് സംബന്ധിച്ച് വീട്ടിൽ തർക്കം ഉണ്ടായതായും നാട്ടുകാർ പറഞ്ഞു.എന്നാൽ മകളുടെ പ്രണയത്തെ ചൊല്ലി വീട്ടിലുണ്ടായ തർക്കത്തിനിടെ അകത്തു നിന്നും വീട് പൂട്ടി പെട്രോൾ ഒഴിച്ച് വീട്ടമ്മ നടത്തിയ ആത്മഹത്യ ശ്രമത്തിലാണ് വീടിന് തീപിടിച്ച് വീട്ടമ്മയ്ക്കും ഭർത്താവിനും മകൾക്കും ദാരുണാന്ത്യമുണ്ടായതെന്ന് പോലീസ് പറയുന്നു . കൂടുതൽ അന്വേഷണം നടക്കുന്നതേയുള്ളുവെന്നും പോലീസ് . അജ്ഞലിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ചിലർ വീട്ടിലെത്തിയിരുന്നതായും ഇതിന് ശേഷമാണ് അപകടം ഉണ്ടായതെന്നും നാട്ടുകാർ പറഞ്ഞു. കൂട്ട ആത്മഹത്യയാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വീടിനകത്ത് തീ ഉണ്ടായത് എങ്ങനെയാണന്ന് വ്യക്തമല്ല. കഴിഞ്ഞ 25 വർഷത്തിലധികമായി ഇവിടെ താമസിക്കുന്ന സത്യപാലൻ ജൂബിലി സൗണ്ട്സ് എന്ന പേരിൽ ഒരു സ്ഥാപനം നടത്തിവരുകയായിരുന്നു.
മരിച്ച ശ്രീജയുടെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. . എരുമേലി സ്റ്റേഷനിലെ എസ്. ഐ രാജേഷ് ജി , മറ്റ് പോലീസുകാരായ ബിപിൻ, രാഹുൽ, സജീഷ്, ജയ്മോൻ എന്നിവരുടെ നേതൃത്വത്തിൽ എരുമേലി പോലീസും, കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർ ഫോഴ്സും – നാട്ടുകാരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.