മലയോര ഭൂപ്രശ്നത്തിന് പരിഹാരം: ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങൾക്ക് മന്ത്രിസഭ അംഗീകാരം

പ്ര​ക​ട​ന പ​ത്രി​ക​യി​ലെ പ്ര​ധാ​ന വാ​ഗ്ദാ​നം ന​ട​പ്പാ​ക്കി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aug 27, 2025

തിരുവനന്തപുരം : ഭൂപതിവ് നിയമഭേദ​ഗതിയുടെ ചട്ടങ്ങൾക്ക് മന്ത്രിസഭ അം​ഗീകാരം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിശദമായ ചർച്ചകൾക്ക് ശേഷമാണ് ഭേദ​ഗതി തയാറാക്കിയിരുന്നതെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ് സർക്കാരിന്റെ പ്രഥമ ലക്ഷ്യമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മന്ത്രിസഭായോ​ഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം.

മലയോരമേഖലയിലെ പ്രശ്നങ്ങൾ ഇന്ന് നടന്ന മന്ത്രിസഭായോ​ഗത്തിൽ ചർച്ച ചെയ്തു. തീരുമാനങ്ങൾ മലയോര ജനതയ്ക്കാകെ സന്തോഷമുണ്ടാക്കുന്ന കാര്യങ്ങളാണ്. ദീർഘകാലമായി മലയോര ജനതയെ അലട്ടുന്ന പ്രശ്നങ്ങളായിരുന്നു മലയോര ജനതയുടെ ഭൂപ്രശ്നങ്ങൾ. സംസ്ഥാന സർ‌ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു ഈ പ്രശ്നങ്ങൾ പരിഹരിക്കുക എന്നുള്ളത്. 2016ൽ തന്നെ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതുമുതൽ വിവിധ രീതിയിലുള്ള ശ്രമങ്ങൾ നടത്തിയതാണ്. അത്തരം ഇടപെടലുകളുടെ ഫലമായാണ് വിപ്ലവകരമായ ഭൂപതിവ് നിയമഭേദ​ഗതി കൊണ്ടുവന്നത്. ഇപ്പോൾ അതിന്റെ ചട്ടങ്ങൾക്ക് മന്ത്രിസഭ അം​ഗീകാരം നൽകി. ഇനി സബ്ജക്ട് കമ്മിറ്റിയിൽ കൂടി പോകേണ്ടതുണ്ട്.

1960ലെ കേരള ഭൂപതിവ് നിയമത്തിനു കീഴിലെ വിവിധ ചട്ടങ്ങൾ പ്രകാരം വ്യക്തികൾക്കും കുടുംബങ്ങൾക്കും കൃഷി, ഭവനനിർമാണം, അയൽവസ്തുവിന്റെ ​ഗുണകരമായ അനുഭവം, ഷോപ്സ് സൈറ്റുകൾ എന്നീ ആവശ്യങ്ങൾക്കായി പട്ടയം അനുവദിക്കുന്നതിന് വ്യവസ്ഥയുണ്ട്. ഈ കാലഘട്ടത്തിൽ ഭൂമി പതിച്ചുകിട്ടിയ പലരും മറ്റ് ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്തിട്ടുണ്ട്. പട്ടയ വ്യവസ്ഥകൾക്ക് അനുസൃതമല്ലാത്ത നിർമാണവും കൈമാറ്റവും പലർക്കും പലവിധ ബുദ്ധിമുട്ടുകളാണ് ഉണ്ടായിട്ടുള്ളത്.

ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് പല പരിഹാരങ്ങളും സർക്കാർ ആലോചിച്ചു. തുടർ‌ന്ന് 2023 സെപ്തംബറിൽ ഭൂപതിവ് നിയമഭേദ​ഗതി മന്ത്രിസഭ പാസാക്കി. 2024 ഏപ്രിലിൽ ​ഗവർണർ ബിൽ അം​ഗീകരിച്ചു. 2024 ജൂണിൽ സർക്കാർ വിജ്ഞാപനം ചെയ്തു. ഭേദ​ഗതി നിയമം പ്രാബല്യത്തിൽ വന്ന 7-6- 2024 വരെ ഇത്തരം ഭൂമിയിലെ വകമാറ്റിയുള്ള വിനിയോ​ഗങ്ങൾ ക്രമീകരിക്കുന്നതിനും പതിച്ചു നൽകിയ ആവശ്യങ്ങൾക്കല്ലാതെ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കാൻ വ്യവസ്ഥകളോടെ അനുമതി നൽകുന്നതിനും ഊ ഭേ​ദ​ഗതി സഹായകമാകും- മുഖ്യമന്ത്രി പറഞ്ഞു.


ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്ന 7.6.2024 വരെ ഇത്തരം ഭൂമിയിലെ വകമാറ്റിയുള്ള വിനിയോഗങ്ങള്‍ ക്രമീകരിക്കുന്നതിനും, പതിച്ചു നല്‍കിയ ആവശ്യങ്ങള്‍ക്കല്ലാതെ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ വ്യവസ്ഥകളോടെ അനുമതി നല്‍കുന്നതിനും ഈ ഭേദഗതി സഹായകമാകും. തികച്ചും ജനാധിപത്യപരമായാണ് സര്‍ക്കാര്‍ ഈ നിയമ ഭേദഗതി കൊണ്ടു വന്നിട്ടുള്ളത്. രാഷ്ട്രീയ പാര്‍ട്ടികള്‍, മതമേലധ്യക്ഷന്‍മാര്‍, സാമുദായിക നേതാക്കള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, മാധ്യമ പ്രതിനിധികള്‍, നിയമവിദഗ്ദ്ധര്‍ തുടങ്ങി എല്ലാ വിഭാഗത്തില്‍പ്പെട്ടവരുമായും നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഭേദഗതി തയ്യാറാക്കിയത്. നിയമസഭ ഈ ഭേദഗതി ഐക്യകണ്ഠേനയാണ് പാസാക്കിയത്.

നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരത്തിനായി ഇതുവരെ ഉണ്ടായ വ്യതിചലനങ്ങള്‍ ക്രമീകരിക്കുന്നതിനൊപ്പം ഭൂമിയുടെ ജീവനോപാധി ലക്ഷ്യമാക്കിയുള്ള വിനിയോഗത്തിന് അനുവാദം നല്‍കുന്നതിനുള്ള വ്യവസ്ഥകളുമുണ്ടാകണം. പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളില്‍ ഭൂമി വ്യാപകമായി ദുര്‍വിനിയോഗം ചെയ്യുന്ന പ്രശ്നവും പരിഗണിക്കണം. വിവിധ സന്ദര്‍ഭങ്ങളില്‍ കോടതികളില്‍ നിന്ന് വന്നിട്ടുള്ള വിലക്കുകളും നിര്‍ദ്ദേശങ്ങളും വിശദമായി പരിശോധിക്കണം. വിവിധ അവസരങ്ങളില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ അഡ്വക്കേറ്റ് ജനറലിന്‍റെയും റവന്യൂ, വ്യവസായ, ധനവകുപ്പ് മന്ത്രിമാരുടെയും, ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ പരിശോധിച്ചശേഷം വിവിധതലത്തിലുള്ളയോഗങ്ങള്‍ ചേര്‍ന്നാണ് ചട്ടങ്ങള്‍ക്ക് അന്തിമരൂപം നല്‍കിയത്.

രണ്ടു ചട്ടങ്ങളാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഒന്നാമത്തേത്, പതിവു ലഭിച്ച ഭൂമിയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനുള്ള ചട്ടങ്ങളും, രണ്ടാമതായി, കൃഷിക്കും ഗൃഹനിര്‍മ്മാണത്തിനും മറ്റുമായി പതിച്ചു നല്‍കിയ ഭൂമി പ്രധാനമായും ജീവനോപാധി ലക്ഷ്യമാക്കിയുള്ള മറ്റു വിനിയോഗത്തിനു അനുവദിക്കുന്നതിനുള്ള ചട്ടങ്ങളും. ഏറ്റവും നിര്‍ണ്ണായകമായത് വകമാറ്റി യുള്ള വിനിയോഗം ക്രമീകരിക്കുന്നതിനുള്ള ചട്ടങ്ങള്‍ക്ക് രൂപം നല്‍കലാണ്. വിപുലമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്നത്തെ മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്.

ജീവനോപാധിക്കായി പട്ടയഭൂമി വിനിയോഗിക്കുന്നതിന് അനുമതിക്കായുള്ള രണ്ടാമത്തെ ചട്ടങ്ങള്‍ ഇതിന് തുടര്‍ച്ചയായി പരിഗണിക്കും. 1964ലെ ഭൂമി പതിച്ചുനല്‍കല്‍ ചട്ടങ്ങളനുസരിച്ചും 1995ലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലെ ഭൂമി പതിവ് ചട്ടങ്ങളനുസരിച്ചുമാണ് പട്ടയം കൂടുതലായി നല്‍കിയിട്ടുള്ളത്. എന്നാല്‍ സംസ്ഥാനത്ത് വിവിധ സന്ദര്‍ഭങ്ങളില്‍ ഭൂമി പതിച്ചു നല്‍കുന്നതിന് കൊണ്ടുവന്ന മറ്റു ചില ചട്ടങ്ങള്‍ കൂടിയുണ്ട്. 1970ലെ കൃഷിയുക്ത വനഭൂമി പതിച്ചുനല്‍കല്‍ ചട്ടങ്ങള്‍, കര്‍ഷകത്തൊഴിലാളികളുടെ പുനരധിവാസ ചട്ടങ്ങള്‍, റബ്ബര്‍ കൃഷി, ഏലം, തേയില, കോഫി എന്നിവയ്ക്കുള്ള പതിവ് ചട്ടങ്ങള്‍, വയനാട് കോളനൈസേഷന്‍ സ്കീം, 1993ലെ കേരള ലാന്‍റ് അസൈന്‍മെന്‍റ് സ്പെഷ്യല്‍ റൂള്‍സ് തുടങ്ങിയ ചട്ടങ്ങളനുസരിച്ച് വിവിധ വിഭാഗം ജനങ്ങള്‍ക്ക പതിച്ച് കിട്ടിയ ഭൂമിയിലെ വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുക എന്ന ആവശ്യം പൂര്‍ണ്ണമായും പരിഹരിക്കപ്പെടും. കൂടുതല്‍ ചട്ടങ്ങള്‍ ഇതിന്‍റെ പരിധിയില്‍ കൊണ്ടുവരേണ്ടതുണ്ടെന്ന് കണ്ടാല്‍ അവയും കൂട്ടിച്ചേര്‍ക്കും.

സംസ്ഥാനത്ത് പട്ടയം വഴി സര്‍ക്കാര്‍ ഭൂമി ലഭിച്ച ഏതൊരാള്‍ക്കും അവരുടെ ജീവനോപാധിക്കായുള്ള സ്വതന്ത്ര വിനിയോഗത്തിന് തടസ്സം സൃഷ്ടിക്കരുതെന്നതാണ് സര്‍ക്കാരിന്‍റെ നിലപാട്. താമസത്തിനായുള്ള വീട് നിര്‍മ്മാണത്തിന് നല്‍കിയ ഭൂമി മറ്റൊരാവശ്യത്തിന് വിനിയോഗിച്ചുവെങ്കില്‍ മാത്രമേ ക്രമീകരണം ആവശ്യമായുള്ളൂ. ഉടമസ്ഥന്‍റെ താമസത്തിനായുള്ള എല്ലാ വീടുകളും അപേക്ഷാ ഫീസ് മാത്രം ഈടാക്കി ക്രമീകരിക്കും. അതായത് വ്യാപാരാവശ്യത്തിന് വിനിയോഗിക്കുന്ന കെട്ടിടങ്ങള്‍ക്കുള്ള കോമ്പൗണ്ടിംഗ് ഫീസ് എല്ലാ റസിഡന്‍ഷ്യല്‍ ബില്‍ഡിംഗുകള്‍ക്കും ഒഴിവാക്കും. പട്ടയഭൂമി നിശ്ചിത സമയപരിധിക്ക് ശേഷമേ മറ്റൊരാള്‍ക്ക് കൈമാറുന്നതിന് കഴിയുകയുള്ളൂ. ഇത് ലംഘിച്ചുള്ള കൈമാറ്റങ്ങള്‍ നടന്നിട്ടുണ്ട്. ഇപ്രകാരം ഭൂമി കൈമാറി ലഭിച്ച ഉടമസ്ഥര്‍ക്ക് ന്യായവില യുടെ നിശ്ചാത ശതമാനം ഫീസ് ഈടാക്കി ക്രമപ്പെടുത്തി നല്‍കും. അതോടൊപ്പം കൈമാറ്റം വഴി ലഭിച്ച ഭൂമി മുന്‍കൂര്‍ അനുമതിയോടെ വകമാറ്റി ഉപയോഗിക്കുവാന്‍ രണ്ടാമതായി രൂപീകരിക്കുന്ന ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്യും.

പൊതുവായ ചില വ്യവസ്ഥകള്‍ കൂടി ഇതിന്‍റെ ഭാഗമായുണ്ട്. ചട്ടമനുസരിച്ച് 'പതിവുകാരന്‍' (ഉടമസ്ഥന്‍) എന്നത് ഭൂമി പതിച്ചുകിട്ടിയ വ്യക്തിയും അനന്തരാവകാശിയും പിന്തുടര്‍ച്ചാവകാശിയും ഭൂമി പതിവുവ്യവസ്ഥകള്‍ ലംഘിച്ച ശേഷമുള്ള കൈമാറി ലഭിച്ച ഉടമസ്ഥനും ഉള്‍പ്പെടുന്നു. ഇക്കാരണത്താല്‍ നിലവിലുള്ള ഉടമസ്ഥന് തന്‍റെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള രേഖകള്‍ മാത്രം സമര്‍പ്പിച്ചാല്‍ മതിയാകും.

അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഏര്‍പ്പെടുത്തും. അപേക്ഷ സമര്‍പ്പിക്കുവാനും അതിലെ തുടര്‍നടപടികള്‍ നിരീക്ഷിക്കുവാനും നടപടി സ്വീകരിക്കും. വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ ഒരു വര്‍ഷം വരെ സമയമനുവദിക്കും. ആവശ്യമെങ്കില്‍ കാലാവധി നീട്ടി നല്‍കുകയും ചെയ്യും. ഇക്കാരണത്താല്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് സാവകാശവും ലഭിക്കും.

പതിവ് ലഭിച്ച ഭൂമിയിലെ പട്ടയവ്യവസ്ഥ ലംഘിച്ച് എത്ര അളവ് ഭൂമി മറ്റാവശ്യത്തിന് വിനിയോഗിച്ചിട്ടുണ്ടോ, ആ ഭൂമിയിലെ വകമാറ്റിയുള്ള വിനിയോഗം മാത്രമാണ് ക്രമീകരിക്കുക. ബാക്കിയുള്ള ഭൂമി നേരത്തെയുള്ള പട്ടയവ്യവസ്ഥയ്ക്ക് വിധേയമായിരിക്കും. ഇവിടെ മറ്റാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് പ്രത്യേക അനുമതി നേടേണ്ടതാണ്. അതായത്, ക്രമവിരുദ്ധമായ പ്രവര്‍ത്തനങ്ങളൊന്നുംതന്നെ പിന്നീട് അനുവദിക്കുകയില്ല.

ഒരു പ്രത്യേക ആവശ്യത്തിനായി അനുവദിച്ച പട്ടയ ഭൂമിയില്‍ നിര്‍മ്മിച്ച വീടുകള്‍ക്ക് ക്രമീകരണം ആവശ്യമെങ്കില്‍ നിര്‍മ്മിതിയുടെ വലിപ്പം നോക്കാതെ ക്രമവല്‍ക്കരിച്ച് നല്‍കും. അപേക്ഷയോടൊപ്പമുള്ള ചെറിയ ഫീസ് മാത്രം നല്‍കിയാല്‍ മതി. കോമ്പൗണ്ടിംഗ് ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കും. ഉടമ സമര്‍പ്പിക്കുന്ന സത്യവാങ്മൂലം അടിസ്ഥാനമാക്കിയാകും നടപടി.

സമാനമായി, പതിവുഭൂമിയിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പൊതുസ്ഥലങ്ങള്‍, ജീവനോപാധിക്കുള്ള 3000 സ്ക്വയര്‍ ഫീറ്റ് വരെയുള്ള വാണിജ്യ കെട്ടിടങ്ങളും കോമ്പൗണ്ടിംഗ് ഫീസ് ഈടാക്കാതെ ക്രമവല്‍ക്കരിക്കും. അപേക്ഷ ലഭിച്ച് 90 ദിവസത്തിനകം ബന്ധപ്പെട്ടവര്‍ തീരുമാനമെടുക്കണം. അല്ലാത്തപക്ഷം, ഡീംഡ് പെര്‍മിഷൻ ആയി കണക്കാക്കിയുള്ള ഉത്തരവ് ലഭിക്കും. ഇതിന് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സര്‍ട്ടിഫിക്കറ്റ് നല്‍കും. കൃഷിയ്ക്കും, കൃഷി അനുബന്ധ ആവശ്യത്തിനും വിദ്യാഭ്യാസ, മതപര, സാംസ്കാരിക, വിനോദ ആവശ്യങ്ങള്‍ക്കും സാമുദായിക സംഘടനകളുടേയും പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളുടേയും ആവശ്യത്തിനും ആശുപത്രികള്‍, സര്‍ക്കാര്‍ അംഗീകാരത്തോട് പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകളുടെയും ഭൂമി നിര്‍മ്മാണങ്ങള്‍ മുതലായവയുടെ ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചതായിട്ടുള്ള കെട്ടിടങ്ങള്‍ കോമ്പൗണ്ടിംഗ് ഫീസ് ഈടാക്കാതെ ക്രമവല്‍ക്കരിക്കും. ഇടത്തരം വാണിജ്യ കെട്ടിടങ്ങള്‍ അവയുടെ വലിപ്പമനുസരിച്ച് നിശ്ചിത ശതമാനം കോമ്പൗണ്ടിംഗ് ഫീസ് ഈടാക്കി ക്രമീകരിക്കും.

മലയോര ജനതയുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് ഇതുവഴി നിറവേറ്റപ്പെടുന്നത്. ഇതോടെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ച ഭൂമി നിയമവിധേയമാവുകയാണ്. അതോടൊപ്പം ചെറുകിട ഇടത്തരം ആളുകളെ സങ്കീർണമായ നടപടിക്രമങ്ങൾ ഒഴിവാക്കി ലംഘനങ്ങൾ ക്രമവൽക്കരിക്കാൻ ശ്രമിച്ചിട്ടുണ്ട്. മുൻപ് സൂചിപ്പിച്ചതുപോലെ പല വിഭാഗങ്ങളെയും ഫീസിൽ നിന്ന് ഒഴിവാക്കി, താരതമ്യേന കുറഞ്ഞ ഫീസ് നിരക്ക് ഏർപ്പെടുത്തി ക്രമവൽക്കരണത്തിൽ ലഘൂകരിച്ച നടപടിക്രമങ്ങൾ സ്വീകരിച്ചിരിക്കുകയാണ്. ഇത് മലയോര ജനതയോടുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്ന ഒരു കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.