സിനിമ സംവിധായകനും സീരിയൽ, ഡോക്യുമെന്‍ററി തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ അന്തരിച്ചു
ലോകനാഥൻ ഐ.എ.എസ്, കളഭം എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ്
പെരുമ്പാവൂർ: സിനിമ സംവിധായകനും സീരിയൽ, ഡോക്യുമെന്‍ററി തിരക്കഥാകൃത്തുമായ ഒക്കൽ വട്ടപ്പാറ വീട്ടിൽ ദേവന്റെ മകൻ ബിജു വട്ടപ്പാറ (54) അന്തരിച്ചു. മുവാറ്റുപുഴയിൽവെച്ച് കുഴഞ്ഞുവീണാണ് മരണം. സുരേഷ് ഗോപി നായകനായ രാമരാവണൻ, സ്വന്തം ഭാര്യ സിന്ദാബാദ് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്.ലോകനാഥൻ ഐ.എ.എസ്, കളഭം എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ്. ചക്കരവാവ, വെളുത്ത കത്രീന തുടങ്ങിയ നോവലുകളും നിരവധി കഥകളും കവിതകളും ഇടവഴിയും തുമ്പപ്പൂവും എന്ന കവിത സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫിലിം ക്രിട്ടിക്സ് അവാർഡ്, കടവനാട് കുട്ടികൃഷ്ണൻ സാഹിത്യ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.സീരിയലുകളുടെ തുടക്കകാലത്ത് മലയാളത്തിലെ നാല് പ്രമുഖ ചാനലുകളിൽ വരെ ഒരേസമയം ബിജു വട്ടപ്പാറയുടെ സീരിയലുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് പിന്നീട് സിനിമയിലേക്കുള്ള വഴിയായി. കേരള ഗ്രന്ഥശാല സംസ്ഥാന കൗൺസിൽ അംഗമായിരുന്നു. കൂടാതെ സിനിമ രംഗത്തെ നിരവധി സംഘടനകളുടെ സജീവ പ്രവർത്തകനുമായിരുന്നു.കമല സുരയ്യയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. മാധവിക്കുട്ടിയുടെ മനോമി എന്ന നോവലാണ് പിന്നീട് രാമരാവണൻ എന്ന പേരിൽ സിനിമയാക്കിയത്.മകൾ: ദേവനന്ദന. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ.