പരിസ്ഥിതി പ്രവര്ത്തകൻ കല്ലൂര്‍ ബാലൻ അന്തരിച്ചു
മരം നട്ടുപിടിപ്പിക്കൽ ജീവിത യജ്ഞമായി മാറ്റിയ പരിസ്ഥിതി പ്രവർത്തകൻ ആയിരുന്നു കല്ലൂര്‍ ബാലൻ.

പാലക്കാട് : പരിസ്ഥിതി പ്രവര്ത്തകൻ കല്ലൂര്‍ ബാലൻ (75) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
മരം നട്ടുപിടിപ്പിക്കൽ ജീവിത യജ്ഞമായി മാറ്റിയ പരിസ്ഥിതി പ്രവർത്തകനാണ് കല്ലൂര്‍ ബാലൻ. 100 ഏക്കറിലധികമുള്ള തരിശുകിടന്ന കുന്നിൻ പ്രദേശം വർഷങ്ങൾ നീണ്ട പരിശ്രമം കൊണ്ട് പച്ചപിടിപ്പിച്ചയാളാണ് ബാലൻ.പച്ചഷര്‍ട്ടും പച്ചലുങ്കിയും തലയിലൊരു പച്ച ബാന്‍ഡും അണിയുന്നതായിരുന്നു കല്ലൂര്‍ ബാലന്റെ സ്ഥിരമായുള്ള വേഷം.
പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലായി മാവ്, പ്ലാവ്, പുളി, വേപ്പ്, നെല്ല്, ഞാവൽ, പന, മുള തുടങ്ങി ഇതിനോടകം 25 ലക്ഷത്തോളം തൈകൾ ഇതുവരെ കല്ലൂർ ബാലൻ നട്ടുപിടിപ്പിച്ചിട്ടുണ്ട്. മലയിലെ പാറകള്‍ക്കിടയിൽ കുഴിതീര്‍ത്ത് പക്ഷികളുടെയും മറ്റു ജീവജാലങ്ങളുടെയും ദാഹമകറ്റി.മാങ്കുറിശി കല്ലൂര്‍മുച്ചേരിയിലാണ് വീട്. ലീലയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.