തദ്ദേശ ഭരണസംവിധാന രംഗത്തേക്ക് കൂടുതൽ പ്രൊഫഷണലുകൾ കടന്നു വരണം: സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ എ ഷാജഹാൻ
നിർമിത ബുദ്ധിയുടെ കാലത്ത് വാർത്തകൾ യാഥാർത്ഥ്യമാണോ എന്ന് പരിശോധിക്കുന്നതിന് പ്രാധാന്യമേറെ: പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ വി പളനിച്ചാമി ഐഐഎസ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: ആകാശവാണി വാർത്താ വിഭാഗം മാധ്യമ പ്രവർത്തകർക്കായി ശിൽപശാല സംഘടിപ്പിച്ചു
നിർമിത ബുദ്ധിയുടെ കാലത്ത് വാർത്തകൾ യാഥാർത്ഥ്യമാണോ എന്ന് പരിശോധിക്കുന്നതിന് പ്രാധാന്യമേറെ: പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ വി പളനിച്ചാമി ഐഐഎസ്
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: ആകാശവാണി വാർത്താ വിഭാഗം മാധ്യമ പ്രവർത്തകർക്കായി ശിൽപശാല സംഘടിപ്പിച്ചു
തിരുവനന്തപുരം : 06 നവംബർ 2025
തദ്ദേശ ഭരണസംവിധാന രംഗത്തേക്ക് കൂടുതൽ പ്രൊഫഷണലുകൾ കടന്നു വരണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ എ ഷാജഹാൻ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ കുറിച്ച് ആകാശവാണി വാർത്താ വിഭാഗം മാധ്യമ പ്രവർത്തകർക്കായി തിരുവനന്തപുരത്തു സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിരഹിതവും, വികസനോന്മുഖവുമായ പ്രവർത്തനം കാഴ്ചവയ്ക്കാൻ യോഗ്യരായ സ്ഥാനാർത്ഥികൾ കടന്നു വരണമെന്ന് അദ്ദേഹം പറഞ്ഞു. വാർത്തകളെ കുറിച്ചുളള കാഴ്ചപ്പാടുകളല്ല, വാർത്തകൾ തന്നെയായിരിക്കണം മാധ്യമങ്ങൾ പ്രാധാന്യത്തോടെ നൽകേണ്ടതെന്നും ആധികാരികമായ വാർത്തകൾക്ക് മാത്രമേ നിലനിൽപ്പുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ആകാശവാണി വാർത്തകൾ അതിന്റേതായ ഗൗരവത്തിലാണ് ജനങ്ങൾ കണക്കിലെടുക്കുന്നതെന്നും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ ചൂണ്ടിക്കാട്ടി.
സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ മാധ്യമപ്രവർത്തകർക്കായി തയ്യാറാക്കിയ ഹാൻഡ് ബുക്ക് ശ്രീ. ഷാജഹാൻ പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ വി പളനിച്ചാമി ഐഐഎസിനു നൽകി പ്രകാശനം ചെയ്തു. നിർമിത ബുദ്ധിയുടേതായ ഇക്കാലത്ത് വാർത്തകൾ യാഥാർത്ഥ്യമാണോ എന്നു പരിശോധിക്കുന്നതിന് വളരെ പ്രാധാന്യമാണുള്ളതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ വി പളനിച്ചാമി ചൂണ്ടിക്കാട്ടി. ആകാശവാണി വാർത്താ വിഭാഗം മേധാവി ലെമി ജി നായർ, നിലയം മേധാവി എ ജി ബൈജു, പ്രോഗ്രാം വിഭാഗം മേധാവി പി എ ബിജു എന്നിവർ സംസാരിച്ചു. വാർത്താ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ എം സ്മിതി സ്വാഗതവും ന്യൂസ് എഡിറ്റർ ബി അനില നന്ദിയും പറഞ്ഞു. തദ്ദേശ ഭരണ സ്ഥാപന തെരഞ്ഞെടുപ്പു നടപടികളെക്കുറിച്ചുള്ള ചർച്ചകൾക്ക് കമ്മീഷൻ സെക്രട്ടറി ബി എസ് പ്രകാശ് നേതൃത്വം നൽകി.


