മന്ത്രിയുമായി നടത്തിയ ചർച്ച വിജയം; ഡ്രൈവിംഗ് സ്കൂള് സമരം പിന്വലിച്ചു
licence
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് സ്കൂള് സമര സമിതി നടത്തിവന്നിരുന്ന സമരം പിന്വലിച്ചു. മന്ത്രിയുമായി നടത്തിയ ചർച്ചയിൽ സമവായമായതിനു പിന്നാലെയാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
ഡ്രൈവിംഗ് പരിഷ്കരണങ്ങളിൽ വിട്ടുവീഴ്ചക്ക് ഗതാഗത വകുപ്പ് മന്ത്രിയും മോട്ടോര് വാഹന വകുപ്പും തയാറാണെന്ന് ചർച്ചയിൽ അറിയിച്ചു. പിന്നാലെയാണ് സമരം പിൻവലിക്കാൻ തയാറാണെന്ന് സമര സമിതിയും വ്യക്തമാക്കിയത്.
ഡ്രൈവിംഗ് പരിഷ്കരണ സര്ക്കുലര് പിന്വലിക്കില്ല. എന്നാല്, സര്ക്കുലറില് ആവശ്യമായ മാറ്റങ്ങള് വരുത്തും. രണ്ട് ക്ലച്ചും ബ്രേക്കുമുള്ള വാഹനങ്ങള് ഉപയോഗിക്കാം. മറ്റൊരു സംവിധാനം ഒരുക്കുന്നതുവരെയായിരിക്കും ഈ ഇളവുകള്. ടെസ്റ്റ് വാഹനങ്ങളിലെ കാമറ മോട്ടോര് വാഹന വകുപ്പ് സ്ഥാപിക്കാമെന്നും ചർച്ചയിൽ തീരുമാനമായി.
ഡ്രൈവിംഗ് സ്കൂള് പരിശീലന ഫീസ് ഏകോപിപ്പിക്കും. ഇത് പഠിക്കാൻ പുതിയ കമ്മീഷനെ നിയോഗിക്കും. പഴയതുപോലെ ആദ്യം എച്ച് ടെസ്റ്റും ശേഷം റോഡ് ടെസ്റ്റും നടത്തും. കെഎസ്ആര്ടിസി പത്ത് കേന്ദ്രങ്ങളില് ഡ്രൈവിംഗ് സ്കൂളുകള് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനാണു ചർച്ച നടന്നത്. മോട്ടോര് വാഹന ലൈസൻസ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ ദിവസങ്ങളായി സമരത്തിലായിരുന്നു.13 ദിവസത്തെ സമരത്തിന് ശേഷമാണ് സര്ക്കാര് ചര്ച്ചയ്ക്ക് വിളിച്ചത്.
ഈ മാസം 23 ന് സിഐടിയുവുമായി ചര്ച്ച നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ സമരം കടുപ്പിക്കുന്നതിനെ തുടർന്നാണ് സർക്കാർ ചർച്ചയ്ക്ക് മുന്നോട്ടുവന്നത്.
സമരക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ നടക്കാത്ത സാഹചര്യമാണുള്ളത്. ടെസ്റ്റിന് എത്തുന്നവർക്ക് സുരക്ഷ ഒരുക്കുന്നതിൽ പോലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്നും ആക്ഷേപമുയർന്നിരുന്നു.