തദ്ദേശ വാർഡ് വിഭജനം; ഓർഡിനൻസ് ഇന്ന് മന്ത്രിസഭായോഗത്തിൽ
മൂന്ന് ഘട്ടമായാണ് പുനർവിഭജന നടപടികൾ പൂർത്തിയാക്കുക.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൂർത്തിയാക്കാൻ തീരുമാനിച്ച വാര്ഡ് പുനർവിഭജനം, സംസ്ഥാന ഇലക്ഷൻ കമീഷണർ അധ്യക്ഷനായ അഞ്ചംഗ സമിതി നിർണയിക്കും. ഇതുസംസബന്ധിച്ച ഓർഡിനൻസിന് തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭായോഗം അംഗീകാരം നൽകും. മുഖ്യമന്ത്രി പിണറായി വിജയന് വിദേശ സന്ദര്ശനം പൂർത്തിയാക്കി മടങ്ങിയെത്തിയശേഷം നടക്കുന്ന മന്ത്രിസഭായോഗമാണിത്. 22ന് പതിവ് മന്ത്രിസഭായോഗം ഉണ്ടെങ്കിലും നിയമസഭാ സമ്മേളനം ഇതില് അജന്ഡയായി വരുന്ന സാഹചര്യത്തിലാണ് ഓര്ഡിനന്സിനായി തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭ ചേരുന്നത്.സമിതിയിൽ ചെയർമാന് പുറമെയുള്ള നാല് അംഗങ്ങൾ ഗവൺമെന്റ് സെക്രട്ടറിമാരായിരിക്കും. കൂടാതെ വാർഡ് പുനർവിഭജനത്തിനായി പ്രത്യേക ഓഫിസും ഒരു സെക്രട്ടറിയും ഒരു ജീവനക്കാരനും ഉണ്ടാകും. അടുത്തിടെ വാർഡ് പുനർവിഭജനം നടന്നതിനാൽ മട്ടന്നൂർ മുനിസിപ്പാലിറ്റി ഒഴികെ 1199 തദ്ദേശസ്ഥാപനങ്ങളിലാണ് ഇപ്പോൾ പുനർവിഭജനം തീരുമാനിച്ചിരിക്കുന്നത്. മൂന്ന് ഘട്ടമായാണ് പുനർവിഭജന നടപടികൾ പൂർത്തിയാക്കുക. ഗ്രാമപഞ്ചായത്ത്, കോർപറേഷൻ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ ആദ്യഘട്ടമായും രണ്ടാംഘട്ടം ബ്ലോക്ക് പഞ്ചായത്തുകളിലും മൂന്നാംഘട്ടത്തിൽ ജില്ല പഞ്ചായത്തുകളിലും നടക്കും.