ഓണനാളുകൾ ക്ഷേമകരമാക്കാൻ ധനസഹായ വിതരണം: മന്ത്രി ഡോ. ബിന്ദു
സാമൂഹ്യ സുരക്ഷാമിഷൻ വഴി വിവിധ പദ്ധതികളിലൂടെ ധനസഹായം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
തിരുവനന്തപുരം : ഓണത്തിന് മുന്നോടിയായി ക്ഷേമനടപടികളുമായി സാമൂഹ്യനീതി വകുപ്പ്. സാമൂഹ്യ സുരക്ഷാമിഷൻ വഴി വിവിധ പദ്ധതികളിലൂടെ ധനസഹായം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
സാമൂഹ്യസുരക്ഷാ മിഷൻ മുഖേന നടപ്പാക്കുന്ന ആശ്വാസകിരണം പദ്ധതി പ്രകാരം അനുവദിച്ച പത്തു കോടി രൂപ വിനിയോഗിച്ച് അർഹരായ ഗുണഭോക്താക്കാർക്ക് അഞ്ചു മാസത്തെ ധനസഹായം അനുവദിച്ചു. ആശ്വാസകിരണം പദ്ധതിയിൽ ലൈഫ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ് ബാങ്ക് പാസ് ബുക്ക് എന്നിവ ലഭ്യമാക്കിയ അർഹരായ 26765 പേർക്കാണ് അഞ്ചു മാസത്തെ ധനസഹായം അനുവദിച്ചത്. അർഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് മുഖേന ധനസഹായ വിതരണം ആരംഭിച്ചു. എൻഡോസൾഫാൻ ദുരിതബാധിതരായ 5293 പേർക്ക് അഞ്ചു കോടിയുടെ ധനസഹായം നൽകുന്നതിനും നടപടികളായതായി മന്ത്രി പറഞ്ഞു.
മുഴുവൻ സമയ പരിചാരകന്റെ സേവനം ആവശ്യമായ കിടപ്പിലായ രോഗികളെയും മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങളുളളവരെയും പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് 'ആശ്വാസകിരണം'. കാസർഗോഡ് ജില്ലാ കളക്ടർ അംഗീകരിച്ച് നൽകിയ ദുരിതബാധിതരുടെ പട്ടിക പ്രകാരം ദീർഘകാലചികിൽസ ആവശ്യമുള്ളവരും രോഗാവസ്ഥയിലുള്ളവരും തൊഴിലെടുക്കാനാകാതെ വീട്ടിനുള്ളിൽ കഴിയുന്നവരുമായവരിൽ നിന്ന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ഭിന്നശേഷി പെൻഷൻ ലഭിക്കുന്നവർക്ക് 1700 രൂപയും ഭിന്നശേഷി പെൻഷൻ ലഭിക്കാത്തവർക്ക് 2200 രൂപയും എൻഡോസൾഫാൻ ദുരിത ബാധിതരായ മറ്റുള്ളവർക്ക് 1200 രൂപയും വീതം പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് സ്‌നേഹസാന്ത്വനം പദ്ധതി.
ഇതിനുപുറമെ, സ്‌പെഷ്യൽ ആശ്വാസകിരണം പദ്ധതി പ്രകാരം എൻഡോസൾഫാൻ ദുരിത ബാധിതരെ പരിചരിക്കുന്നവർക്ക് 700 രൂപ നിരക്കിൽ നൽകുന്ന പ്രതിമാസ ധനസഹായം 775 പേർക്കും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.