വിപണിയിൽ സുതാര്യത ഉറപ്പാക്കുകയാണ് ഡയറക്ട് സെല്ലിങ് കമ്പനികളെ നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗരേഖയിലൂടെ ലക്ഷ്യമിടുന്നത്: മുഖ്യമന്ത്രി പിണറായി വിജയൻ
* ഡയറക്ട് സെല്ലിങ് കമ്പനികളുടെ എൻറോൾമെന്റിനായി വെബ് പോർട്ടൽ ഉദ്ഘാടനം ചെയ്തു

വിപണിയിൽ സുതാര്യത ഉറപ്പാക്കുകയാണ് ഡയറക്ട് സെല്ലിങ് കമ്പനികളെ നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗരേഖയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡയറക്ട് സെല്ലിങ് കമ്പനികളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മോണിറ്ററിങ് മെക്കാനിസത്തിന്റെ മാർഗ്ഗരേഖ ഭക്ഷ്യ മന്ത്രി ജി.ആർ. അനിലിന് സമർപ്പിച്ചുകൊണ്ട് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സാങ്കേതിക വിദ്യയുടെ വികാസം വലിയതോതിൽ വർധിച്ചുവരുന്ന കാലമാണിത്. അതിന് അനുസരിച്ച് നവീന വാണിജ്യ സമ്പദ്രായങ്ങൾക്ക് പ്രാധാന്യം വർധിച്ചിട്ടുണ്ട്. മുമ്പ് വ്യാപാര സ്ഥാപനത്തിൽ നേരിട്ടെത്തി സാധനങ്ങൾ വാങ്ങുന്നു. ഇന്ന് ഉപഭോക്താവും വിപണിയും മാറിയിരിക്കുകയാണ്. ഒറ്റ ക്ലിക്കിൽ സാധനങ്ങൾ വീട്ടുപടിക്കൽ എത്തിച്ചേരും. വാങ്ങിയ സാധനങ്ങൾ വിറ്റത് ആരാണ്, ഏത് ഏജൻസിയാണെന്ന് അറിയാമെങ്കിലും സാധനം അയച്ചത് മറ്റെവിടെ നിന്നെങ്കിലുമാകാം. ഇത്തരത്തിലുള്ള വലിയ മാറ്റങ്ങൾ ഉണ്ടാകുന്നതുകൊണ്ട് തന്നെ ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും ഉത്പാദകരുടെയും അവകാശങ്ങൾ ഉറപ്പാണ്ടത് പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിന് തന്നെ മാതൃകയാകുന്ന വിധത്തിൽ സംസ്ഥാന സർക്കാർ നടത്തി വരുന്ന വിപണി ഇടപെടലുകളുടെ മറ്റൊരു ദൃഷ്ടാന്തമാണ് ഡയറക്ട് സെല്ലിംഗ് നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗരേഖ. വിപണനക്കാരുടെ ശൃംഖല സൃഷ്ടിച്ച്, ഉത്പന്നങ്ങളും സേവനങ്ങളും നേരിട്ട് ഉപഭോക്താക്കളിൽ എത്തിക്കുന്ന രീതിയാണ് ഡയറക്റ്റ് സെല്ലിങ്. ഇതിന്റെ ഭാഗമായി നിരവധി അവസരങ്ങൾ ഉയർന്നുവരുന്നു. അതേസമയം ഇതിന്റെ പേരിൽ നിയമവിരുദ്ധപ്രവർത്തനങ്ങൾ വർധിക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സർക്കാർ മോണിറ്ററിങ് സെൽ രൂപീകരിക്കാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളുടെയും ട്രേഡ് യൂണിയനുകളുടെയും അഭിപ്രായം ചോദിച്ചുകൊണ്ടാണ് മാർഗരേഖ തയ്യാറാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഡയറക്ട് സെല്ലിങ് കമ്പനികളുടെ എൻറോൾമെന്റിനായി തയ്യാറാക്കിയ വെബ്‌പോർട്ടലിന്റെ ഉദ്ഘാടനവും ഡയറക്ട് സെല്ലിങ് മേഖലയുമായി ബന്ധപ്പെടുന്ന ഉപഭോക്താക്കൾക്ക് ബോധവൽക്കരണം നൽകുന്നതിനുള്ള വീഡിയോകളുടെ പ്രകാശനാവും മുഖ്യമന്ത്രി നിർവഹിച്ചു. ഡയറക്ട് സെല്ലിംഗ് ഉൽപ്പന്നങ്ങളുടെ നിലവാരവും നിർമ്മാണ കമ്പനിയുടെ വിശ്വസ്തതയും പരിശോധിക്കാൻ ആധികാരികമായ മാർഗങ്ങൾ കുറവാണ്. ഇതിന് മാറ്റം വരുത്താനാണ് വെബ് പോർട്ടൽ നിർമിച്ചത്. വെബ് പോർട്ടൽ മുഖേന ഉപഭോക്താക്കൾക്ക് ഈ രംഗത്ത് പ്രവർത്തിക്കുന്ന അംഗീകൃത കമ്പനികൾ ഏതൊക്കെയാണെന്ന് മനസ്സിലാക്കാൻ കഴിയുമെന്നും ഏതെങ്കിലും തരത്തിൽ വാണിജ്യ സ്ഥാപങ്ങൾക്കോ സംരംഭകർക്കോ തടയിടുന്നതല്ല ഇവയൊന്നുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഡയറക്ട് സെല്ലിങ് മേഖലയിൽ തൊഴിൽ ചെയ്യുന്ന ജീവനക്കാരുടെയും തൊഴിലാളികളുടെയും തൊഴിലാളി സംഘനകളുടെയും സംരംഭകരുടെയും നിരന്തരമായ ആവശ്യമാണ് ഈ രംഗത്തേക്ക് ആവശ്യമുള്ള സംരക്ഷണം ഉറപ്പാക്കാനുള്ള നടപടികൾക്ക് ഊർജ്ജമേകിയതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഭാവിയിൽ ഈ മാർഗരേഖ കേരളത്തിലെ ഡയറക്ട് സെല്ലിങ് മേഖലയ്ക്ക് വളരെയധികം ഗുണം ചെയ്യുമെന്നും മാന്ത്രി പറഞ്ഞു.
തിരുവനതപുരം സെൻട്രൽ സ്റ്റേഡിയത്ത് സംഘടിപ്പിച്ച ചടങ്ങിൽ എം.എൽ.എമാരായ ആന്റണി രാജു, വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയർ പി.കെ. രാജു, നിയമവകുപ്പ് സെക്രട്ടറി കെ.ജി. സനൽ കുമാർ, ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ജുഡീഷ്യൽ മെമ്പർ അജിത് കുമാർ ഡി., ലീഗൽ മെട്രോളജി കൺട്രോളർ വി.കെ. അബ്ദുൾ ഖാദർ, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ മുഹമ്മദ് ഷഫീഖ്, വാർഡ് കൗൺസിലർ ഹരി കുമാർ സി. തുടങ്ങിയവർ പങ്കെടുത്തു.