സംസ്ഥാനത്ത് ഡിജിറ്റൽ എൻഡോഴ്സ്മെന്റ് ഈ വർഷം നടപ്പാക്കും: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

ഭൂമിസംബന്ധമായ ഇടപാടുകൾ കൂടുതൽ സുഗമവും സുതാര്യവുമാകും. ഒരാൾ പല ഓഫീസുകൾ കയറിയിറങ്ങേണ്ടിവരുന്ന സാഹചര്യം ഒഴിവാകും.

Feb 15, 2025
സംസ്ഥാനത്ത് ഡിജിറ്റൽ എൻഡോഴ്സ്മെന്റ് ഈ വർഷം നടപ്പാക്കും: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
ramachandran-gadnapally

 കണ്ണൂർ : ആധാരം രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ മുൻ ആധാരം ഉടൻ തിരികെ നൽകുന്നതിനു പുറമെ അനുബന്ധ നടപടികളും വേഗത്തിലാക്കാനുള്ള ഡിജിറ്റൽ എൻഡോഴ്സ്മെന്റ് സംവിധാനം സംസ്ഥാനത്ത് ഈ വർഷം തന്നെ നടപ്പിലാക്കുമെന്ന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കണ്ണൂർ താലൂക്ക് ഹാളിൽ രജിസ്ട്രേഷൻ വകുപ്പിന്റെ കണ്ണൂർ ജില്ലാതല അവലോകന യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 
കാസർകോട് ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ റവന്യൂ-രജിസ്ട്രേഷൻ, സർവ്വേ വകുപ്പുകളുടെ സംയോജിത പോർട്ടൽ 'എന്റെ ഭൂമി'യുടെ ഫലങ്ങൾ വിലയിരുത്തി സംസ്ഥാനത്താകെ നടപ്പാക്കും. ഇതോടെ ഭൂമിസംബന്ധമായ ഇടപാടുകൾ കൂടുതൽ സുഗമവും സുതാര്യവുമാകും. ഒരാൾ പല ഓഫീസുകൾ കയറിയിറങ്ങേണ്ടിവരുന്ന സാഹചര്യം ഒഴിവാകും. 
എല്ലാ പണമിടപാടുകളും ഇ-പേമെന്റ് സംവിധാനത്തിലേക്ക് മാറ്റി രജിസ്ട്രാർ ഓഫീസുകളെ ക്യാഷ് ലെസ് ഓഫീസുകളാക്കി മാറ്റും. സബ് രജിസ്ട്രാർ ഓഫീസുകളിൽ സൗഹൃദസമിതികൾ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 
വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി വകുപ്പിനെ ആധുനികവത്കരിക്കാനുള്ള പദ്ധതികളാണ് നടപ്പാക്കി വരുന്നത്. നിലവിൽ നൂറു വർഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങൾ ആധുനിക സൗകര്യങ്ങളോടെ പുനർനിർമ്മിച്ചുവരികയാണ്. സംസ്ഥാനത്തെ മുഴുവൻ രജിസ്ട്രാർ ഓഫീസുകളും കമ്പ്യൂട്ടർവത്കരിച്ചു. രജിസ്ട്രേഷനുള്ള തിയതിയും സമയവും മുൻകൂട്ടി നിശ്ചയിക്കാനുള്ള ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തി. 
ആധാര പകർപ്പുകൾ, ബാധ്യതാ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ ഓൺലൈനായി ലഭ്യമാക്കി വരുന്നു. ഒരു ജില്ലക്കകത്ത് ആധാരങ്ങൾ ഏത് സബ് രജിസ്ട്രാറാഫീസിലും രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമൊരുക്കി. മുദ്രപ്പത്രങ്ങൾക്ക് ഇ-സ്റ്റാമ്പിങ്ങ് നടപ്പാക്കി. വിവാഹ രജിസ്ട്രേഷൻ അപേക്ഷ ഓൺലൈനായി സമർപ്പിക്കാൻ അവസരമൊരുക്കി. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി ജനങ്ങൾക്കാവശ്യമായ സേവനങ്ങൾ കൂടുതൽ സുതാര്യവും സുഗമമായും ലഭ്യമാക്കുക എന്നതാണ് ഈ പരിഷ്‌കരങ്ങളുടെയെല്ലാം ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 
കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിയിൽ 1865 ലാണ് രാജ്യത്തെ തന്നെ ആദ്യത്തെ രജിസ്റ്റാർ ഓഫീസ് സ്ഥാപിതമായത്. ഇന്ന് സംസ്ഥാനത്ത് 315 സബ്ബ് രജിസ്ട്രാറാഫീസുകൾ പ്രവർത്തിക്കുന്നു. സർക്കാരിന്റെ വരുമാന സ്രോതസുകളിൽ രണ്ടാമത്തേതാണ് രജിസ്ട്രേഷൻ വകുപ്പ്.  ഈ മേഖലയിൽ പ്രവർത്തിക്കുന്ന -ആധാരമെഴുത്തുകാർ ഉൾപ്പെടെയുള്ളവരുടെ പൂർണ സഹകരണം ഉറപ്പാക്കി എല്ലാവരെയും വിശ്വാസത്തിലെടുത്തുകൊണ്ട് ആധുനികവത്കരണ നടപടികൾ വേഗത്തിലാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
താലൂക്ക് ഹാളിൽ ചേർന്ന ജില്ലാതല അവലോകന യോഗത്തിൽ രജിസ്ട്രേഷൻ വകുപ്പിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി. രജിസ്ട്രേഷൻ ഓഫീസുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനും വിപുലമായ പ്രവർത്തന മേഖല ഉയർത്തുന്നതിനുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. ആധാരം രജിസ്ട്രേഷൻ, വരുമാനം, നേട്ടങ്ങളും പ്രശ്നങ്ങളും, ഓഫീസുകൾ മെച്ചപ്പെടുത്തുന്നതിനുള്ള തുടർനടപടികൾ, വിവിധ സ്‌കീമുകൾ എന്നിവ സംബന്ധിച്ചും അവലോകനം നടത്തി. 
രജിസ്ട്രേഷൻ വകുപ്പ് ഇൻസ്പെക്ടർ ജനറൽ ശ്രീധന്യ സുരേഷ്, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സതീഷ് ഓവ്വാട്ട്, ജില്ലാ രജിസ്ട്രാർ ജനറൽ എ.ബി സത്യൻ, ജില്ലാ രജിസ്ട്രാർ ഓഡിറ്റ് രാജേഷ് ഗോപൻ, ചിട്ടി ഓഡിറ്റർ സി.കെ റീത്ത, ചിട്ടി ഇൻസ്പെക്ടർ വി സന്തോഷ് കുമാർ, ജില്ലയിലെ സബ്ബ് രജിസ്ട്രാർമാർ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.