ഇനി പതിനെട്ടാംപടി കയറിയാലുടൻ അയ്യപ്പനെ കാണാം;ഫ്ലൈ ഓവർ ഒഴിവാക്കും,30 സെക്കൻഡോളം ദർശനം ലഭിക്കും

പടികയറി ഇടത്തേക്കുതിരിഞ്ഞ് ഫ്ലൈ ഓവറിൽ ക്യൂനിന്ന് സോപാനത്തെത്തുന്ന സംവിധാനമാണ് ഒഴിവാക്കുന്നത്.

Feb 15, 2025
ഇനി പതിനെട്ടാംപടി കയറിയാലുടൻ അയ്യപ്പനെ കാണാം;ഫ്ലൈ ഓവർ ഒഴിവാക്കും,30 സെക്കൻഡോളം ദർശനം ലഭിക്കും
sabarimala

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പതിനെട്ടാംപടി കയറിയാലുടൻ അയ്യപ്പനെ കാണാനുള്ള സംവിധാനം നടപ്പാക്കുന്നു. പടികയറി ഇടത്തേക്കുതിരിഞ്ഞ് ഫ്ലൈ ഓവറിൽ ക്യൂനിന്ന് സോപാനത്തെത്തുന്ന സംവിധാനമാണ് ഒഴിവാക്കുന്നത്.മീനമാസപൂജയ്ക്ക് നടതുറക്കുന്ന മാർച്ച് 14-ന് ഇത് നിലവിൽവരും.കൊടിമരത്തിന്റെ ഇരുവശത്തുംകൂടി അയ്യപ്പന്മാരെ കടത്തിവിട്ട് ബലിക്കൽപ്പുരവഴി മുന്നോട്ടുപോകാവുന്ന രീതിയാണ് നടപ്പാക്കുന്നത്. ചുരുങ്ങിയത് 30 സെക്കൻഡോളം അയ്യപ്പനെ വണങ്ങാം. ഫ്ലൈ ഓവർ വഴി സോപാനത്ത് എത്തുമ്പോൾ രണ്ടോ മൂന്നോ സെക്കൻഡ് മാത്രം ദർശനംകിട്ടുന്ന രീതി മാറും. പോലീസുകാർ അതിവേഗം പിടിച്ചുമാറ്റിവിടുന്നതും ഒഴിവാകും.

ക്ഷേത്രത്തിന്റെ താന്ത്രികഘടനയിലോ കണക്കുകളിലോ മാറ്റമില്ലാത്തിനാൽ തന്ത്രിയുടെ അനുജ്ഞ പുതിയ സംവിധാനത്തിനുണ്ട്. നിലവിൽ ശ്രീകോവിലിനു മുന്നിലൂടെ മൂന്നുവരിയായാണ് ഭക്തരെ കടത്തിവിടുന്നത്. നടയിലെ തിക്കും തിരക്കും പരാതികൾക്കിടയാക്കിയിരുന്നു. പുതിയസംവിധാനത്തിന് ഹൈക്കോടതിയുടെ അനുമതിവാങ്ങിയിട്ടുണ്ട്. ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ, ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗം അഡ്വ. അജികുമാർ, കമ്മിഷണർ സി.വി. പ്രകാശ്, എക്സിക്യുട്ടീവ് എൻജിനിയർ രഞ്ജിത്ത് ശേഖർ, എക്സിക്യുട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവരും ദേവസ്വം എൻജിനിയർമാരും ചേർന്ന് പുതിയ സംവിധാനത്തിന്റെ അന്തിമവിശകലനം നടത്തി. 17-നുശേഷം പണിതുടങ്ങും.

രണ്ടുവരികളെയും വേർതിരിക്കാൻ നീളത്തിൽ കാണിക്കവഞ്ചി സ്ഥാപിക്കും. ഇടതുഭാഗത്തുകൂടി വരുന്നവർ അല്പം ഉയർന്ന പ്ലാറ്റ്ഫോമിലേക്കാണെത്തുന്നത്. ഇടത്തേക്കു തിരിയുമ്പോൾ അയ്യപ്പദർശനം കഴിയും. വലതുവരിയിലൂടെ വരുന്നവർ തറനിരപ്പിൽത്തന്നെയുള്ള ഭാഗത്ത് എത്തി ഇടത്തേക്ക് തിരിഞ്ഞുപോകും. രണ്ടുവരികളിലുമുള്ളവർ തമ്മിൽ കൂടിക്കലർന്ന് തിരക്കുണ്ടാവുകയുമില്ല. വടക്കേനടവഴി വരുന്നവരും വലതുവരിയിലൂടെ വരുന്നവരുമായി ചേർന്നായിരിക്കും നട പിന്നിടുക.

1989-ൽ പണിത ഫ്ലൈ ഓവർ നിലനിർത്തും. മരക്കൂട്ടംവരെ ക്യൂ നീളുന്ന സാഹചര്യമോ മറ്റ് അടിയന്തരഘട്ടമോ വന്നാൽ ഇതിൽ അയ്യപ്പന്മാരെ കയറ്റും. ഫ്ലൈ ഓവർ വരുന്നതിനുമുൻപ്‌ ബലിക്കൽപ്പുരയിലൂടെയായിരുന്നു കടത്തിവിട്ടിരുന്നത്. അശാസ്ത്രീയമായതിനാൽ ബുദ്ധിമുട്ടുകളുണ്ടായിരുന്നു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.