പ്ലസ്ടു വിദ്യാര്‍ഥികളുടെ മരണം: കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് രണ്ട് വര്‍ഷം കഠിന തടവും പിഴയും
വണ്ണപ്പുറം കാനാട്ട് വീട്ടില്‍ കെ.വി. ബിബിന്‍ കുമാറിനെയാണ് മൂവാറ്റുപുഴ അഡീഷണല്‍ ജില്ല ആന്‍ഡ് സെഷന്‍സ് ജഡ്ജി ടോമി വര്‍ഗീസ് ശിക്ഷിച്ചത്.
മൂവാറ്റുപുഴ: കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായിരുന്ന പ്ലസ്ടു വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്ക് രണ്ട് വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. അശ്രദ്ധമായി വാഹനമോടിച്ചതിന് ആറു മാസം സാധാരണ തടവും അനുഭവിക്കണം. വണ്ണപ്പുറം കാനാട്ട് വീട്ടില്‍ കെ.വി. ബിബിന്‍ കുമാറിനെയാണ് മൂവാറ്റുപുഴ അഡീഷണല്‍ ജില്ല ആന്‍ഡ് സെഷന്‍സ് ജഡ്ജി ടോമി വര്‍ഗീസ് ശിക്ഷിച്ചത്. പിഴത്തുക കുട്ടികളുടെ മാതാപിതാക്കള്‍ക്ക് തുല്യമായി നല്‍കണം.2020 ഫെബ്രുവരി 13-ന് എം.സി. റോഡില്‍ മണ്ണൂര്‍ വാട്ടര്‍ ടാങ്കിനു സമീപമുണ്ടായ അപകടത്തില്‍ കീഴില്ലം എരമത്തുകുടി റോയിയുടെ മകന്‍ പട്ടിമറ്റം മാര്‍ കൂറിലോസ് സ്‌കൂള്‍ വിദ്യാര്‍ഥി ഗീവര്‍ഗീസ് (19), കീഴില്ലം വെട്ടുവേലിക്കുടി മാത്യൂസിന്റെ മകന്‍ മണ്ണൂര്‍ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ സ്‌കൂള്‍ വിദ്യാര്‍ഥി ബേസില്‍ (19) എന്നിവരാണ് മരിച്ചത്. തൃശ്ശൂരില്‍നിന്നു പാലായ്ക്ക് പോയ കെ.എസ്.ആര്‍.ടി. ബസ് എതിരേ വന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. ജ്യോതികുമാര്‍ ഹാജരായി.