ചിങ്ങനിലാവ് 2025; ജില്ലാതല ഓണാഘോഷത്തിന് നാളെ തുടക്കം

കോട്ടയം: ജില്ലാതല ഓണാഘോഷപരിപാടി ചിങ്ങനിലാവ് 2025ന് ബുധനാഴ്ച (സെപ്റ്റംബർ 3) തുടക്കം. ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംയുക്തമായി സെപ്റ്റംബർ എട്ടു വരെ തിരുനക്കര മൈതാനത്താണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.
നാളെ വൈകുന്നേരം ആറിന് നടക്കുന്ന ചടങ്ങിൽ സഹകരണം-തുറമുഖം-ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. അധ്യക്ഷത വഹിക്കും.
ഗവൺമെൻറ് ചീഫ് വിപ് ഡോ.എൻ. ജയരാജ് ഓണസന്ദേശം നൽകും.
എം.പിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി എന്നിവർ മുഖ്യാതിഥികളാകും. എംഎൽഎമാരായ അഡ്വ. മോൻസ് ജോസഫ്, സി.കെ. ആശ, മാണി സി. കാപ്പൻ, അഡ്വ. ജോബ് മൈക്കിൾ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. ചാണ്ടി ഉമ്മൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ചേതൻകുമാർ മീണ, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ,
ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, നഗരസഭാംഗങ്ങളായ അഡ്വ. ഷീജ അനിൽ, ജയമോൾ ജോസഫ്, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ്, തഹസിൽദാർ എസ്.എൻ. അനിൽകുമാർ, ഡി.ടി.പി.സി. എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ജോൺ വി. ജോസഫ്, സെക്രട്ടറി ആതിര സണ്ണി, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ടി.ആർ. രഘുനാഥൻ, അഡ്വ. വി.ബി. ബിനു, നാട്ടകം സുരേഷ്, പ്രൊഫ. ലോപ്പസ് മാത്യു, ലിജിൻ ലാൽ, എം.ടി. കുര്യൻ, ബെന്നി മൈലാടൂർ, ഔസേപ്പച്ചൻ തകിടിയേൽ, സണ്ണി തോമസ്, മാത്യൂസ് ജോർജ്, ജിയാഷ് കരീം, അസീസ് ബഡായി, അഡ്വ. ജയ്സൺ ജോസഫ്, ടി.സി. അരുൺ, നിബു ഏബ്രഹാം എന്നിവർ പങ്കെടുക്കും.
ഉദ്ഘാടന പരിപാടിക്കു ശേഷം ജാസി ഗിഫ്റ്റിന്റെ സംഗീതപരിപാടി നടക്കും. സെപ്റ്റംബർ മൂന്നിനു രാവിലെ ഒൻപതു മുതൽ കോട്ടയം വൈ.എം.സി.എ. ഹാളിൽ അത്തപ്പൂക്കള മത്സവും പത്തു മുതൽ സി.എം.എസ്. കോളേജ് മൈതാനിയിൽ സൗഹൃദ ക്രിക്കറ്റ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
സെപ്റ്റംബർ നാലു മുതൽ ഏഴു വരെ ദിവസങ്ങളിൽ വൈകുന്നേരം യഥാക്രമം വൈക്കം മാളവികയുടെ നാടകം 'ജീവിതത്തിന് ഒരു ആമുഖം, കോട്ടയം മഴവിൽ മെലഡീസ് അവതരിപ്പിക്കുന്ന ഗാനമേള, ഇടുക്കി കനൽ നാടൻ കലാസംഘം അവതരിപ്പിക്കുന്ന നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും, പ്രോജക്ട് ജി.എസ്. ബാൻഡിന്റെ സംഗീതപരിപാടി എന്നിവ അരങ്ങേറും. വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിലുള്ള കലാപരിപാടികളും വിവിധ ദിവസങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ട്.
സെപ്റ്റംബർ എട്ടിന് സമാപനച്ചടങ്ങിനു മുന്നോടിയായി വൈകുന്നേരം നാലിന് പോലീസ് പരേഡ് ഗ്രൗണ്ടിൽനിന്നു തിരുനക്കര മൈതാനത്തേക്കു സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിക്കും.
5.30ന് തിരുനക്കര മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവ് നടൻ വിജയരാഘവനെ ചടങ്ങിൽ ആദരിക്കും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. ഗവൺമെൻറ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തും.