ജാതി അധിക്ഷേപം; നർത്തകി സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഒരാഴ്ചയ്ക്കുള്ളില്‍ നെടുമങ്ങാട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കീഴടങ്ങണമെന്നും കോടതി ഉത്തരവിട്ടു.

കൊച്ചി: നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ നർത്തകി സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒരാഴ്ചയ്ക്കുള്ളില്‍ നെടുമങ്ങാട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കീഴടങ്ങണമെന്നും കോടതി ഉത്തരവിട്ടു.അന്നേദിവസം തന്നെ കീഴ്ക്കോടതി ജാമ്യാപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചു. സത്യഭാമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ നിർദേശം.കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ഡോ. ആർഎൽവി രാമകൃഷ്ണൻ നൽകിയ ജാതി അധിക്ഷേപ പരാതിയിൽ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നേരത്തെ കേസ് പരിഗണിച്ച നെടുമങ്ങാട് പട്ടിക ജാതി - പട്ടിക വർഗ പ്രത്യേക കോടതി മുൻകൂർ ജാമ്യം തള്ളിയിരുന്നു. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്ക്കെതിരെ ചുമത്തിയത്.