കേരള ലോജിസ്റ്റിക്‌സ് പാര്‍ക്ക് നയത്തിന് മന്ത്രിസഭയുടെ അംഗീകാരം
ഉത്പാദന സ്ഥലത്തു നിന്നും കമ്പോളത്തിലേക്കും ഉപഭോക്താക്കളിലേക്കും മത്സര ക്ഷമത നിലനിര്‍ത്തിക്കൊണ്ട് അതിവേഗത്തിലും, ശ്രദ്ധയോടെയും ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്ന ബൃഹത്തായ ശൃംഖലാ സംവിധാനമാണ് ലോജിസ്റ്റിക്‌സ്
തിരുവനന്തപുരം : കേരള ലോജിസ്റ്റിക്‌സ് പാര്‍ക്ക് നയത്തിന് മന്ത്രിസഭയുടെ അംഗീകാരം. ദേശീയ-സംസ്ഥാന സമ്പദ് വ്യവസ്ഥയില്‍ നിര്‍ണ്ണായക സ്ഥാനമുള്ള മേഖലയാണ് ‘ലോജിസ്റ്റിക്‌സ് മേഖല’. ഉത്പാദന സ്ഥലത്തു നിന്നും കമ്പോളത്തിലേക്കും ഉപഭോക്താക്കളിലേക്കും മത്സര ക്ഷമത നിലനിര്‍ത്തിക്കൊണ്ട് അതിവേഗത്തിലും, ശ്രദ്ധയോടെയും ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്ന ബൃഹത്തായ ശൃംഖലാ സംവിധാനമാണ് ലോജിസ്റ്റിക്‌സ്. ഓണ്‍ലൈന്‍ വഴിയുള്ള വിപണനം വളരെയേറെ വര്‍ദ്ധിച്ചിരിക്കുന്ന കാലഘട്ടത്തില്‍ ലോജിസ്റ്റിക്‌സ് മേഖലയെ മുന്‍നിര്‍ത്തി പ്രത്യേക നയരൂപീകരണം ആവശ്യമായതിനാലും വിദേശ നിക്ഷേപം ഉള്‍പ്പെടെയുള്ള നിരവധി നിക്ഷേപ സാധ്യതകളുള്ള മേഖലയായതിനാലും വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനാലും ലോജിസ്റ്റിക്‌സിന് പ്രാധാന്യം നല്‍കിക്കൊണ്ട് നിക്ഷേപസാധ്യതകള്‍ ഉയര്‍ത്തുന്നതിനുള്ള കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കേണ്ടതാണ്.
അത് മുന്‍നിര്‍ത്തി സര്‍ക്കാര്‍ പുറപ്പെടുവിച്ച വ്യവസായ നയത്തിലെ മുന്‍ഗണനാ മേഖലയിലും ‘ലോജിസ്റ്റിക്‌സ്/ പാക്കേജിംഗ് ‘ വിഭാഗം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ വിപുലമായ റോഡ് ശൃംഖലയും, റെയില്‍, പോര്‍ട്ട്, ജലഗതാഗതം എന്നിവയുടെ ആനുകൂല്യവും, വിഴിഞ്ഞം, കൊച്ചി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര തുറമുഖങ്ങളുടെയും സാന്നിദ്ധ്യവും ലോജിസ്റ്റിക്‌സ് മേഖലയ്ക്ക് അനുകൂല ഘടകങ്ങളാണ്. സര്‍ക്കാര്‍ അംഗീകരിച്ച് പുറപ്പെടുവിച്ച വ്യവസായ പാര്‍ക്കുകളുമായി ബന്ധപ്പെട്ട ലാന്റ് പോളിസിയിലും കെ.എസ്.ഐ.ഡി.സി, കിന്‍ഫ്ര ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സംരംഭകര്‍ക്ക് നല്‍കുന്ന അടിസ്ഥാന സൗകര്യങ്ങളിലും ലോജിസ്റ്റിക്‌സ് മേഖലയ്ക്ക് പ്രത്യേക പരിഗണനയും സവിശേഷ ആനുകൂല്യങ്ങളും നല്‍കിയിട്ടുണ്ട്.