ഹൃദയപൂര്‍വം: ആദ്യ ദിനം 15,616 പേര്‍ ഹൃദയസ്തംഭന പ്രഥമ ശുശ്രൂഷാ പരിശീലനം നേടി* എറണാകുളം മുന്നിൽ

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഹൃദയസ്തംഭന പ്രഥമ ശുശ്രൂഷാ (സിപിആര്‍: കാര്‍ഡിയോ പള്‍മണറി റെസെസിറ്റേഷന്‍) പരിശീലന ബോധവത്ക്കരണ ക്യാമ്പയിന്റെ (ഹൃദയപൂര്‍വം) ഭാഗമായി 15,616 പേര്‍ക്ക് പരിശീലനം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകളിലുമായി 242 കേന്ദ്രങ്ങളിലായിരുന്നു പരിശീലനം സംഘടിപ്പിച്ചത്. തുടര്‍ന്നും പരിശീലനം ഉണ്ടായിരിക്കുന്നതാണ്. പൊതുജനങ്ങള്‍ ഈ പരിശീലന പരിപാടി ഏറ്റെടുത്തതില്‍ മന്ത്രി നന്ദി അറിയിച്ചു. കൂടുതല്‍ വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും പരിശീലനത്തിനായി മുന്നോട്ട് വരണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
ആരോഗ്യ വകുപ്പ് ഐഎംഎയുമായി സഹകരിച്ചാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ സിപിആര്‍ പരിശീലനത്തില്‍ പങ്കെടുത്തത് എറണാകുളം ജില്ലയിലാണ്. തിരുവനന്തപുരം 873, കൊല്ലം 848, പത്തനംതിട്ട 837, ആലപ്പുഴ 1040, കോട്ടയം 409, ഇടുക്കി 453, എറണാകുളം 4311, തൃശൂര്‍ 1193, പാലക്കാട് 634, മലപ്പുറം 308, കോഴിക്കോട് 559, വയനാട് 1113, കണ്ണൂര്‍ 2075, കാസര്‍ഗോഡ് 963 എന്നിങ്ങനെയാണ് പരിശീലനം നേടിയത്.