കോട്ടയം :മലരിക്കലിൽ വീണ്ടും ആമ്പൽ വസന്തം ഉണരുന്നു . ആമ്പൽ കാണാൻ 120 ൽ പരം വള്ളങ്ങൾ മലരിക്കൽ ടൂറിസം സൊസൈറ്റി തയ്യാറാക്കിയിട്ടുണ്ട്. അതിൽ ആമ്പലുകൾക്കിടയിലൂടെ യാത്രയാകാം. രാവിലെ 9 മണി വരെ ആമ്പൽ പൂക്കളുടെ നിറ സൗന്ദര്യം കാണാം. പൂക്കൾ പറിച്ച് വിൽക്കുന്നത് കുടുംബശ്രീക്കാരാണ്.കാണികൾക്ക് പാർക്കിംഗ് സൗകര്യം ഉണ്ട്.
മലരിക്കൽ ടൂറിസം സൊസൈറ്റി ജനകീയ കൂട്ടായ്മയുടെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. രണ്ടു പാടശേഖരസമിതി, വിവിധ സഹകരണ ബാങ്കുകൾ എന്നിവയുടെയും സഹകരണമുണ്ട്. മലരിക്കൽ ജംഗ്ഷനിൽ നല്ല നിലവാരമുള്ള ഭക്ഷണശാലയുണ്ട്.
ഈ വർഷം ആമ്പലുകൾ കൂടുതലുള്ളത് തെക്കുഭാഗത്തെ തിരു വായ്കരിയിലാണ്. ആദ്യത്തെ പാടം കടന്ന് രണ്ടാമത്തെ പാടത്തിൽ പോയാൽ അവിടെയും മനസ്സ്‌നിറയെ ആമ്പൽ സൗന്ദര്യം ആസ്വദിക്കാം.ആമ്പൽ വസന്തം ബുധനാഴ്ച രാവിലെ എട്ടിന് ജില്ലാ കളക്ടർ ജോൺ വിസാമുവൽ ഉദ്ഘാടനം ചെയ്യും.
തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ മേനോൻ അദ്ധ്യ ക്ഷനാകും.
മീനച്ചിലാർ -മീനന്തറയാർ -കൊടൂരാർ പുനർ സംയോജന പദ്ധതി യുടെ ഭാഗമായി 2018 ജനുവരി ഒന്നിനാണ് മലരിക്കൽ ജല ടൂറിസം കേന്ദ്രം ആരംഭിക്കുന്നത്. ഗ്രാമീണ ടൂറിസം, അസ്തമയ കാഴ്ച്ച
തുടങ്ങി പരിമിത ലക്ഷ്യങ്ങൾ മാത്രമുണ്ടായിരുന്ന പദ്ധതിയെ വൻ മുന്നേറ്റത്തിലെത്തിച്ചത് ജല ടൂറിസമാണ്.
1800 ഏക്കർ വിസ്തൃതിയിലുള്ള ജെ ബ്ലോക്ക് പാടശേഖരത്തിൽ കൃഷി കഴിഞ്ഞപ്പോൾ വള്ളങ്ങൾ ഇറക്കി സഞ്ചാരികളെ ആകർഷിച്ചു. കൃഷി കഴിഞ്ഞ പാടത്ത് ആഗസ്‌ത് മാസമാകുമ്പോൾ ആമ്പൽ വളർന്നു വെള്ളത്തിനു മീതെ ഉയരും. അതിനിടയിലേക്ക് വള്ളങ്ങൾ കടന്നു ചെല്ലുകയും സഞ്ചാരികൾ ഇവിടേയ്ക്ക് എത്തുകയും ചെയ്യും. ഒക്ടോബർ മധ്യത്തോടെ കൃഷി ക്കായി വെള്ളം വറ്റിക്കും.