സംസ്ഥാനത്തെ ആശുപത്രി വികനത്തിന് 69.35 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം
69.35 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തികൾക്കാണ് കേന്ദ്ര അംഗീകാരം ലഭിച്ചത്. 60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന ഫണ്ടും ഉപയോഗിച്ചാണ് ദേശീയ ആരോഗ്യ ദൗത്യം പദ്ധതികൾ നടപ്പിലാക്കുന്നത്.
സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ കൂടുതൽ പദ്ധതികൾക്ക് അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ദേശീയ ആരോഗ്യ ദൗത്യം മുഖേന കേരളം നടപ്പാക്കുന്ന 2024-25ലെ വാർഷിക പദ്ധതികൾക്കാണ് അനുമതി ലഭ്യമായത്. 69.35 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തികൾക്കാണ് കേന്ദ്ര അംഗീകാരം ലഭിച്ചത്. 60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന ഫണ്ടും ഉപയോഗിച്ചാണ് ദേശീയ ആരോഗ്യ ദൗത്യം പദ്ധതികൾ നടപ്പിലാക്കുന്നത്. ആശുപത്രികളിൽ നടന്നു വരുന്ന വികസന പ്രവർത്തനങ്ങൾക്ക് പുറമേയാണ് ഈ പദ്ധതികൾ അനുദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
29 ആരോഗ്യ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കാണ് അംഗീകാരം നൽകിയത്. കോട്ടയം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 50 കിടക്കകളുള്ള മാതൃ ശിശു മന്ദിരം പണിയുന്നതിനായി 6.16 കോടി രൂപ അംഗീകാരം നൽകി. കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഓരോ വെയർഹൗസുകൾ നിർമ്മിക്കുന്നതിനായി 4.70 കോടി വീതം വകയിരുത്തി. കാസർഗോഡ് ടാറ്റ ആശുപത്രിയിൽ പുതിയ ഒപി, ഐപി കെട്ടിടം പണിയുന്നതിന് 4.5 കോടി, മലപ്പുറം ജില്ലയിൽ സ്‌കിൽ ലാബ്, ട്രെയിനിങ് സെന്റർ എന്നിവയ്ക്കായി 3.33 കോടി, എറണാകുളം ജില്ലയിൽ പള്ളുരുത്തി താലൂക്ക് ആശുപത്രിയിൽ ഒ.പി ബ്ലോക്ക്, കാഷ്വാലിറ്റി എന്നിവ നവീകരിക്കാൻ 3.87 കോടി എന്നിങ്ങനേയും അംഗീകാരം നൽകി.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഡയഗ്‌നോസ്റ്റിക് ബ്ലോക്ക് ശക്തിപ്പെടുത്താനായി 3 കോടി, ഇടുക്കി ഇടമലക്കുടി സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മാണത്തിന് 1.70 കോടി, ഇടുക്കി ജില്ലാ ആശുപത്രി ഗൈനക്കോളജി വിഭാഗം ശക്തിപ്പെടുത്താൻ 3 കോടി, മലപ്പുറം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പീഡിയാട്രിക് വാർഡ്, വയനാട് വൈത്തിരി ആശുപത്രിയിൽ ഐപി ബ്ലോക്ക് ശക്തിപ്പെടുത്താൻ 1.50 കോടി, ഗൈനക് പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് 2.09 കോടി, കണ്ണൂർ പഴയങ്ങാടി ആശുപത്രിയിൽ കാഷ്വാലിറ്റി ബ്ലോക്കിന് 2.10 കോടി, കാസർഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഒപ്പറേഷൻ തീയറ്റർ നവീകരിക്കുന്നതിന് 3.11 കോടി എന്നിങ്ങനേയും അംഗീകാരം നൽകിയിട്ടുണ്ട്.