പക്ഷിപ്പനി: ആലപ്പുഴയിൽ അരലക്ഷത്തിലേറെ പക്ഷികളെ കൊല്ലും
ജില്ലയിലാകെ 58,526 പക്ഷികളെയാണ് രണ്ടുദിവസത്തിനകം കൊല്ലുക.
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയിലെയും അതിന് ഒരുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലെയും വളർത്തുപക്ഷികളെ ചൊവ്വ, ബുധൻ ദിവസങ്ങളിലായി കൊന്നൊടുക്കും. ജില്ലയിലാകെ 58,526 പക്ഷികളെയാണ് രണ്ടുദിവസത്തിനകം കൊല്ലുക. ഇതോടെ ജില്ലയിൽ പക്ഷിപ്പനി മൂലം കൊന്നൊടുക്കുന്ന പക്ഷികളുടെ എണ്ണം ഒന്നരലക്ഷം കടക്കും.രോഗം സ്ഥിരീകരിച്ച് മൂന്നുദിവസം കഴിഞ്ഞാണ് പക്ഷിപ്പനിപ്രതിരോധം തുടങ്ങുന്നതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ചാലുടൻ പക്ഷികളെ കള്ളിങ്ങിനു വിധേയമാക്കി രോഗം പടരാനുള്ള സാധ്യത ഒഴിവാക്കിയില്ലെന്നാണ് കർഷകർ ഉന്നയിക്കുന്ന പ്രധാന ആരോപണം. പക്ഷിപ്പനി വൈറസിന് ജനിതകവ്യതിയാനം സംഭവിച്ചതിനൊപ്പം കള്ളിങ് വൈകുന്നതും രോഗവ്യാപനം കൂട്ടിയിട്ടുണ്ടെന്നാണ് വിമർശനമുയരുന്നത്സംസ്ഥാനത്ത് മുൻകാലങ്ങളിൽ താറാവുകൾക്കു മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നത്. ഇപ്പോഴത് കോഴികളിൽ വ്യാപകമായി. കാക്കയ്ക്കും കൊക്കിനും പരുന്തിനുംവരെ രോഗം കണ്ടെത്തിയിട്ടും മൃഗസംരക്ഷണവകുപ്പും ആരോഗ്യവകുപ്പും വേണ്ടത്ര ഗൗരവം കൊടുത്തില്ലെന്നും വിമർശനമുയരുന്നുണ്ട്. പക്ഷിപ്പനി മനുഷ്യരിലേക്കു പടരാൻ സാധ്യതയുള്ളതാണെന്ന മുന്നറിയിപ്പു മാത്രമാണ് ആരോഗ്യവകുപ്പും നൽകിയത്.ജില്ലയിൽ ഇതുവരെ 25 കേന്ദ്രങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. ചേന്നംപള്ളിപ്പുറത്തെ രണ്ടും കഞ്ഞിക്കുഴി, കടക്കരപ്പള്ളി എന്നിവിടങ്ങളിലെ ഓരോ സാംപിളുകളുടെയും പരിശോധനാഫലം ഇനിയും വരാനുണ്ട്.