ബാർ അസോസിയേഷനുകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ

കോട്ടയം: സംസ്ഥാനത്തെ ബാർ അസോസിയേഷനുകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എം. ശ്രീകുമാർ ഉത്തരവിട്ടു.
കോഴിക്കോട് ബാർ അസോസിയേഷന് എതിരെ അഡ്വ. ടി.കെ. സത്യനാഥൻ സമർപ്പിച്ച ഹർജിയിലാണ് കമ്മീഷൻ ഉത്തരവിട്ടത്. കോഴിക്കോട് ബാർ അസോസിയേഷനിൽ അഡ്വ. ടി.കെ. സത്യനാഥൻ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടി കിട്ടാത്തതിനേത്തുടർന്നാണ് കമ്മീഷനിൽ ഹർജി സമർപ്പിച്ചത്.
ബാർ അസോസിയേഷനുകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന ന്യായം നിരത്തിയാണ് മറുപടി നിഷേധിച്ചതെന്നാണ് ഹർജിക്കാരൻ ആരോപിച്ചത്.
സർക്കാർ വക ഭൂമിയിൽ സ്ഥിതിചെയ്യുന്ന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വാടകരഹിതമായിട്ടാണ് ബാർ അസോസിയേഷൻ പ്രവർത്തിക്കുന്നത് എന്ന് കോഴിക്കോട് കളക്ടർ കമ്മീഷൻ മുമ്പാകെ റിപ്പോർട്ട് നൽകി .
ഇത് സർക്കാർ നൽകുന്ന പരോക്ഷമായ ധനസഹായത്തിന്റെ ഗണത്തിൽപ്പെടുത്താവുന്നതും അതുകൊണ്ടുതന്നെ ബാർ അസോസിയേഷൻ വിവരാവകാശ നിയമം വകുപ്പ് 2(എച്ച്)-ന്റെ പരിധിയിൽ വരികയും ഒരു പൊതു സ്ഥാപനമായി മാറുകയും ചെയ്യുന്നുവെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഇത്തരത്തിൽ ജുഡീഷ്യറിയുടെ ഭാഗമായി നിന്നുകൊണ്ട് പൊതുസ്വത്ത് പരോക്ഷമായി വിനിയോഗിച്ചുകൊണ്ട് പ്രവർത്തിക്കുന്ന കേരളത്തിലെ ബാർ അസോസിയേഷനുകൾ വിവരാവകാശ നിയമം 2005 ലെ 2(എച്ച്) (ഡി), 2(എച്ച) (ii) എന്നീ വകുപ്പുകളുടെ പരിധിയിൽ വരുന്നതാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
ഹർജിക്കാരന് സമയബന്ധിതമായി മറുപടി കൊടുക്കാത്തതിനാൽ വിവരാവകാശനിയമം വകുപ്പ് 20 (1) അനുസരിച്ച് പിഴ ചുമത്താതിരിക്കാൻ 15 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് കോഴിക്കോട് ബാർ അസോസിയേഷനോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന ബാർ അസോസിയേഷനുകൾ ജുഡീഷ്യൽ വകുപ്പിന്റെ ഭാഗമായിട്ടാണ് പ്രവർത്തിക്കുന്നത്.
സർക്കാർ ഭൂമിയിലുള്ള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഇവയെല്ലാം പ്രവർത്തിക്കുന്നത്. ഇത് ബാർ അസോസിയേഷന് സർക്കാർ നൽകുന്ന പരോക്ഷമായ ധനസഹായമാണ്. അതുകൊണ്ടുതന്നെ ഒരു പൊതു സ്ഥാപനം അതിന്റെ പ്രവർത്തനത്തിൽ പ്രദർശിപ്പിക്കേണ്ട സുതാര്യതയും ഉത്തരവാദിത്വവും ബാർ അസോസിയേഷനുകളും നിർവഹിക്കേണ്ടതായിട്ടുണ്ട് എന്ന് കമ്മീഷൻ നിരീക്ഷിച്ചു.